ഇടതുപക്ഷം ഇന്ത്യയിൽ അപ്രസക്തം, ഒരു ആശയം എന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ലോകത്ത് അവശേഷിക്കുന്നത് -എൻ.എസ്.മാധവൻ
text_fieldsതിരുവനന്തപുരം: ഒരു ആശയം എന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ഇന്ന് ലോകത്തെല്ലായിടത്തും അവശേഷിക്കുന്നതെന്നും അവർ ഒരു രാഷ്ട്രീയ ശക്തിയല്ലാതായി മാറിയെന്നും പ്രമുഖ സാഹിത്യകാരൻ എൻ.എസ്.മാധവൻ. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ’മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകവെയാണ് പരാമർശം.
ഒരു രാഷ്ട്രീയശക്തിയെന്ന നിലയിൽ ഇന്ത്യയിൽ ഇടതുപക്ഷം അപ്രസക്തമാണെന്നും ബംഗാളിൽ ഇല്ലാതായതോടെയാണ് അത് സംഭവിച്ചതെന്നും എൻ.എസ്.മാധവൻ പറഞ്ഞു. തീവ്ര ഇടതുപക്ഷ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയതിനുശേഷം ഇടതുപക്ഷത്തുനിന്ന് ഒരു കുതിപ്പുണ്ടായിട്ടില്ല. കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം പൊതുവേ ഇടതുപക്ഷ മനസ്സുള്ള സംസ്ഥാനമാണ്. ഇന്ത്യയെക്കുറിച്ച് നോക്കുമ്പോൾ എല്ലാവിധ ആശയസമരത്തിനും നേതൃത്വംനൽകേണ്ട ഇടതുപക്ഷം നിശ്ശബ്ദമായിരിക്കുന്നു. ആദർശശുദ്ധിയുണ്ടായിരുന്ന ഇടതുപക്ഷംപോലും ഇന്ന് പി.ആർ ഏജൻസികളെ െവച്ച് ആശയപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്ന ആശയം മാറ്റിമറിക്കാനായി ഒരു പദ്ധതി രൂപപ്പെട്ടുവെന്നും അത് ഓരോ വർഷവും ഓരോ രീതിയിൽ മുന്നോട്ടുപോവുകയാണെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ആദ്യം വളരെ മൃദുവായ മുഖമാണ് ആവശ്യമെന്നതിനാൽ വാജ്‌പേയിയെ അവതരിപ്പിച്ചു. പിന്നീട് രൂക്ഷമായ മുഖമാണ് ആവശ്യമെന്നു കണ്ടപ്പോൾ അത് വന്നു. അതിനെ എതിർക്കാൻ ഒരു ആശയവും മറുവശത്തില്ല എന്നതാണ് തേരോട്ടം തുടരാൻ പ്രധാന കാരണം.
രാഷ്ട്രീയശക്തിയെന്നനിലയിൽ ഇടതുപക്ഷം അപ്രസക്തമായതിനാൽ കോൺഗ്രസും സോഷ്യലിസ്റ്റുകളുമാണ് ഇതിനെ എതിർക്കേണ്ടത്. എന്നാൽ, അവരും കാലാകാലങ്ങളായി ഇവരെ അനുകൂലിക്കുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കാര്യങ്ങൾ മാറാൻ നിമിഷങ്ങൾ മതി. പലയിടത്തും ഭരണം മാറുന്നത് ജനങ്ങളുടെയും വിദ്യാർഥികളുടെയുമൊക്കെ പ്രക്ഷോഭങ്ങളിലൂടെയാണ്. ബംഗ്ലാദേശും ശ്രീലങ്കയും ഇതിന് ഉദാഹരണമാണെന്നും എൻ.എസ് മാധവൻ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

