കേരളത്തിനെതിരെ വർഗീയ പരാമർശം; ഇൻഫ്ലുവൻസർ അമൃത് സിങ് ഡാരനെതിരെ കേസ്
text_fieldsകൊച്ചി: കേരളത്തെയും കൊച്ചിയെയും മോശമായി ചിത്രീകരിച്ച് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ പങ്കുവെച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്തു. യൂട്യൂബറായ അമൃത് സിങ് ഡാരനെതിരെയാണ് കൊച്ചി ഫോർട്ട് കൊച്ചി പൊലീസ് നടപടി സ്വീകരിച്ചത്.
മതവിദ്വേഷം വളർത്താനും ക്രമസമാധാനം തകർക്കാനും ശ്രമിച്ചെന്ന കുറ്റത്തിനാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.
ഫോർട്ട് കൊച്ചി നിറയെ മുസ്‌ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നുമാണ് വീഡിയോയിലൂടെ ഇൻഫ്ളുവൻസർ പറയുന്നത്. 'ലിറ്റിചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ളുവൻസർ വീഡിയോയിലൂടെ പറയുന്നുണ്ട്.

