പി.എഫ് ഹയർ പെൻഷൻ ഓപ്ഷൻ നിരസിക്കൽ പരിശോധിക്കാൻ സമിതി
text_fieldsകൊച്ചി: ഇ.പി.എഫ് ഹയർ പെൻഷന് തൊഴിലുടമയും തൊഴിലാളിയും സംയുക്തമായി നൽകുന്ന അപേക്ഷകൾ വൻതോതിൽ നിരസിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ അക്കാര്യം പരിശോധിക്കാൻ വിദഗ്ധ സമിതികൾ രൂപവത്കരിക്കുന്നു. നിരസിക്കപ്പെട്ട അപേക്ഷകളുടെ കാര്യം പരിശോധിക്കാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) കീഴിൽ എം-പാനൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സമിതി രൂപവത്കരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ഇ.പി.എഫ്.ഒക്ക് നിർദേശം നൽകി. ഇതിനുപുറമെ ഇ.പി.എഫ് ഓഫിസും ഇത്തരം അപേക്ഷകളുടെ, പ്രത്യേകിച്ച് പരാതി ഉന്നയിച്ചവരുടെ കാര്യം പരിശോധിക്കാൻ ഓഡിറ്റ് ടീമിനെ നിയോഗിക്കും.
അഡീഷനൽ സെൻട്രൽ പി.എഫ് കമീഷണർമാർക്കും റീജനൽ കമീഷണർമാർക്കും അയച്ച കത്തിലാണ് ഇ.പി.എഫ്.ഒ ഇക്കാര്യം അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഓഫിസുകൾ അങ്ങേയറ്റത്തെ ജാഗ്രത പുലർത്തണമെന്ന് സെൻട്രൽ പി.എഫ് അഡീഷണൽ കമീഷണർ ചന്ദ്രമൗലി ചക്രവർത്തി കത്തിൽ നിർദേശം നൽകി.
ചെറിയ പിഴവുകളുടെ പേരിൽ അപേക്ഷ നിരസിക്കുന്നതായി വൻതോതിൽ പരാതി ലഭിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലുടമകൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയാൽ പരിഹരിക്കപ്പെടാവുന്നതാണ് ഇതിൽ അധികവും. അപേക്ഷ നിരസിക്കുന്നതിനുപകരം പിശക് തൊഴിലുടമയെയോ അവരുടെ പ്രതിനിധികളെയോ അറിയിക്കണം. മറിച്ച് ഏകപക്ഷീയമായി അപേക്ഷ നിരസിക്കുന്നത് വർധിച്ചതോടെ കേന്ദ്ര ഓഫിസിനുപോലും അവ പരിശോധിക്കാൻ കഴിയാത്തത്ര ജോലിഭാരമാണ് ഉണ്ടാക്കുന്നത്. കേന്ദ്ര ഓഫിസ് നൽകിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് മാത്രമേ അപേക്ഷകൾ കൈകാര്യം ചെയ്യാവൂ എന്ന് ഉദ്യോഗസ്ഥർക്ക് ഇ.പി.എഫ്.ഒ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

