മന്ത്രിക്ക് എസ്കോർട്ട് പോകണമെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് കമീഷണർ
text_fieldsതിരുവനന്തപുരം: വകുപ്പു മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദേശവുമായി എക്സൈസ് കമീഷണർ എം.ആർ. അജിത്കുമാർ. കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഡെപ്യൂട്ടി കമീഷണർമാരുടെയും ജോയന്റ് കമീഷണർമാരുടെയും യോഗത്തിലാണ് കമീഷണറുടെ നിർദേശം. എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും ഗസ്റ്റ് ഹൗസിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടാകണം. പൈലറ്റിനായി വാഹനം ഉപയോഗിച്ചാൽ എൻഫോഴ്സ്മെന്റ് ഡ്യൂട്ടികൾ തടസപ്പെടില്ലേയെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചപ്പോൾ പൈലറ്റ് ഡ്യൂട്ടിയുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ഡ്യൂട്ടി വേണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മറുപടി.
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടംതിരിയുമ്പോഴാണ് കമീഷണറുടെ നിര്ദേശം. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വി.ഐ.പികൾക്കും സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫിസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്ന നിർദേശവും ചർച്ചയാകുന്നുണ്ട്. വകുപ്പ് മന്ത്രി എം.ബി. രാജേഷ് പോലുമറിയാതെയായിരുന്നു കമീഷണറുടെ നിർദേശം.
എസ്കോർട്ട് പോകലല്ല എക്സൈസിന്റെ ജോലി -മന്ത്രി
തിരുവനന്തപുരം: എക്സൈസ് കമീഷണർ എം.ആർ. അജിത്കുമാറിന്റെ വിചിത്ര നിർദേശത്തിനെതിരെ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. മൂന്നര വർഷമായി മന്ത്രിയായിട്ടെന്നും മന്ത്രിക്ക് എസ്കോർട്ട് പോകലല്ല എക്സൈസിന്റെ ജോലിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അത്തരമൊരു ഉത്തരവ് ഇല്ലെന്നും മന്ത്രി ജില്ലയിൽ വരുമ്പോൾ അതത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണമെന്ന നിർദേശം മാത്രമാണ് യോഗത്തിലുണ്ടായതെന്നുമാണ് എം.ബി. രാജേഷിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

