തൊടുപുഴ: സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ അപേക്ഷ സ്വീകരിക്കുന്നത് അനിശ്ചിതമായി നിർത്തിയത് ദുരിതകാലത്ത് കർഷകർക്ക് ഇരുട്ടടിയാകുന്നു. കഴിഞ്ഞ വർഷം മാർച്ച് 31ന് ശേഷം കമീഷൻ കാർഷിക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാൻ സർക്കാർ അനുമതി നൽകാത്തതാണ് കാരണം.
രണ്ട് ലക്ഷം രൂപ വരെ വായ്പയെടുത്ത് പ്രതികൂല സാഹചര്യങ്ങൾ മൂലം തിരിച്ചടവ് മുടങ്ങി കടക്കെണിയിലായ കർഷകരുടെ അപേക്ഷ സ്വീകരിച്ച് അർഹരായവർക്ക് ഇളവ് അനുവദിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യുകയാണ് കമീഷൻ നടപടി. മുൻ വർഷങ്ങളിൽ ഇങ്ങനെ നിരവധി കർഷകരുടെ വായ്പ തിരിച്ചടവിെൻറ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുകയും ബാക്കി പിഴപ്പലിശ ഒഴിവാക്കി അടക്കാൻ ബാങ്കുകളിൽനിന്ന് സാവകാശം ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ 20 മാസത്തോളമായി അപേക്ഷ സ്വീകരിക്കുന്നില്ല.
കടാശ്വാസത്തിനായി ദിവസവും നിരവധി അപേക്ഷകൾ കമീഷൻ ഒാഫിസിൽ എത്തുന്നുണ്ടെങ്കിലും നമ്പറിട്ട് സ്വീകരിക്കാൻ സർക്കാർ ഉത്തരവില്ലാത്തതിനാൽ കെട്ടിവെക്കുകയാണ്. കോവിഡ്കാലത്ത് സിറ്റിങ് മുടങ്ങിയതിനാൽ കെട്ടിക്കിടന്ന അമ്പത്തിഎണ്ണായിരത്തിലധികം അപേക്ഷകളിൽ കഴിഞ്ഞ ആഗസ്റ്റ് മുതലാണ് തീർപ്പ് കൽപിച്ച് തുടങ്ങിയത്. ഇതുവരെ തീർപ്പാക്കിയ അപേക്ഷകളിൽ കമീഷൻ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് ഇളവ് ലഭിക്കുന്നതിനായി ബാങ്കുകൾക്ക് സർക്കാർ 150 കോടിയിലധികം നൽകാനുണ്ട്. ഇൗ ബാധ്യത ഇനിയും ഉയരുമെന്നതിനാലാണ് അപേക്ഷ സ്വീകരിക്കാൻ വൈകുന്നത് എന്നാണ് അറിയുന്നത്.