Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമീഷന്‍ 51 ശതമാനം...

കമീഷന്‍ 51 ശതമാനം വെട്ടിക്കുറച്ചു; കടയടപ്പ് സമരത്തിന് റേഷൻ വ്യാപാരികൾ

text_fields
bookmark_border
ration card
cancel

തിരുവനന്തപുരം: ശനിയാഴ്ച മുതൽ റേഷൻകടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ. ഇതുസംബന്ധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.ആർ.ഇ.യു (സി.ഐ.ടി.യു), കെ.ആർ.ഇ.യു (എ.ഐ.ടി.യു.സി) എന്നിവയുടെ നേതൃത്വത്തിലെ സംയുക്ത സമരസമിതി സർക്കാറിന് നോട്ടീസ് നൽകി.

ആകെയുള്ള 14,500 ഓളം വ്യാപാരികൾക്ക് ഒക്ടോബർ മാസത്തെ കമീഷൻ നൽകാൻ 29.51 കോടി രൂപ വേണമെങ്കിലും 14.46 കോടി രൂപ മാത്രമാണു ധനവകുപ്പ് അനുവദിച്ചത്. ഇതോടെയാണ് സമരം ആരംഭിക്കാൻ വ്യാപാരി സംഘടന നേതാക്കൾ തീരുമാനിച്ചത്. ഭരണപക്ഷ തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണയർപ്പിച്ചത് സർക്കാറിന് തിരിച്ചടിയാണ്.

ബാക്കി പണം നൽകാമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചെങ്കിലും ധനവകുപ്പിൽനിന്ന് രേഖാമൂലം ഉറപ്പു വേണെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിലവിലെ വേതന പാക്കേജ് തന്നെ വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കെയാണു ലഭിച്ചു കൊണ്ടിരിക്കുന്ന വേതനം വെട്ടിച്ചുരുക്കിയതെന്നു ചൂണ്ടിക്കാട്ടിയും മുഴുവൻ കമീഷനും നൽകണമെന്ന് ആവശ്യപ്പെട്ടും നേതാക്കൾ മുഖ്യമന്ത്രിക്കു നിവേദനവും നൽകി.

സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പകുതി തുക അനുവദിച്ചതെന്നും ബാക്കി തുക പിന്നീട് അനുവദിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതേസമയം, സമരപ്രഖ്യാപനത്തെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ തള്ളിപ്പറഞ്ഞു. കടയടച്ചുള്ള സമരരീതിയെ സർക്കാർ അംഗീകരിക്കില്ല. ലൈസൻസികൾ സർക്കാറിന്‍റെ ഭാഗമാണ്.

അരിവിതരണം സർക്കാറിന്‍റെ ഉത്തരവാദിത്വത്തിൽ നടക്കുന്ന പ്രവർത്തനമാണ്. സർക്കാറിന് സമൂഹത്തോടുള്ള ഉത്തരവാദിത്വം ലൈസൻസികളും കാണിക്കണം. വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്നു കരുതുന്നില്ല. കൃത്യമായി കമീഷൻ നൽകാറുണ്ട്. കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമീഷനും ഇപ്പോൾ സംസ്ഥാനം നൽകേണ്ടി വരുന്നു. എന്തിനും ഏതിനും സമരം വേണോ എന്ന് വ്യാപാരികൾ ആലോചിക്കണമെന്നും മന്ത്രി അനിൽ പറഞ്ഞു.

സർക്കാർ തുടർച്ചയായി അവഗണിക്കുന്നെന്നാണ് റേഷൻ വ്യാപാരികളുടെ പരാതി. സൗജന്യ കിറ്റ് വിതരണ ചെയ്ത വകയിൽ 10 മാസത്തെ കൈകാര്യ ചെലവ് വ്യാപാരികൾക്ക് നൽകിയിട്ടില്ല. കടവാടക പ്രതിമാസം കുറഞ്ഞത് 3000 രൂപയാണ്. സെയിൽസ്‌മാന്റെ കൂലിയും കൂടി എന്നിട്ടും സർക്കാറിന്റെ ഭാഗത്തുനിന്നും ഇതുപോലുള്ള അവഗണനയാണ് ഉണ്ടാകുന്നതെന്ന് സംയുക്ത സമരസമിതി കൺവീനർ ടി. മുഹമ്മദാലി പറഞ്ഞു. അതേസമയം പ്രതിഷേധം തണുപ്പിക്കാന്‍ സിവിൽ സപ്ലൈസ് കമീഷണറുടെ നേതൃത്വത്തിൽ സംഘടന നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Ration shop 
News Summary - Commission cut by 51 percent; Ration shopkeepers strike
Next Story