കടന്നു വരുന്നു, ജനനായകൻ
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ
ഫോട്ടോ- ബൈജു കൊടുവള്ളി
കൊച്ചി: ‘ക്യാപ്റ്റന് തൃപ്പൂണിത്തുറയുടെ മണ്ണിലേക്ക് സ്വാഗതം’...രാജനഗരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളിലെ വാചകം. സമയം വൈകീട്ട് 3.30. പുറത്തെ വെയിൽ അപ്പോഴും ചുട്ടുപൊള്ളിക്കുന്നു. സമീപത്തെ മരത്തണലുകളിലേക്ക് മാറി നിൽക്കുകയാണ് പലരും. സമയമായതോടെ പന്തൽ നിറഞ്ഞുതുടങ്ങി.
എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോതമംഗലത്തെ പൊതുസമ്മേളനവും ആലുവ പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വരവ്. തൃപ്പൂണിത്തുറയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ചേർന്നവിധം തന്നെയാണ് ഒരുക്കങ്ങൾ. നാലുമണിയോടെ കൊമ്പുവാദ്യ കലാകാരൻമാരുടെ അകമ്പടിയോടെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ വേദിയിലെത്തി. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവന്നു.
വേദിയിലെത്തി എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷം നേരെ പ്രസംഗത്തിലേക്ക്. കണക്കുകൂട്ടിയുറപ്പിച്ച വാക്കുകൾ. കനവും കാർക്കശ്യവും കുറഞ്ഞില്ല, വിമർശനത്തിന്‍റെ മൂർച്ചക്കും കുറവില്ല. തെരഞ്ഞെടുപ്പിൽ നിലപാടെടുക്കുമ്പോൾ ജീവിതാനുഭവമാണ് പ്രധാനമെന്ന് ഓർമപ്പെടുത്തൽ. ഓരോ വകുപ്പിന്‍റെയും പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണത്തുടർച്ചയുടെ അനിവാര്യതയിലേക്ക് വിരൽചൂണ്ടൽ. തൃപ്പൂണിത്തുറയിൽ കഴിഞ്ഞതവണ സംഭവിച്ച കൈയബദ്ധം തിരുത്തണമെന്ന രാഷ്ട്രീയോപദേശം. പ്രസംഗിച്ചിറങ്ങുമ്പോൾ കുന്നക്കുരുടി ഗവ. യു.പി.എസിലെ അഞ്ചാം ക്ലാസുകാരി അമൃതവർഷിണി മുന്നിലെത്തി. ചോർന്നൊലിക്കുന്ന സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിന് നന്ദി പറയാൻ. ലിയ എന്ന വിദ്യാർഥിനി വരച്ചുകൊണ്ടുവന്ന ഛായാചിത്രം സ്നേഹത്തോടെ ഏറ്റുവാങ്ങി. അവിടെ നിന്ന് നേരെ തീരദേശ മണ്ഡലമായ വൈപ്പിനിലേക്ക്. ജില്ല സെക്രട്ടറി എസ്. സതീഷ് ഒപ്പമുണ്ട്.
എങ്ങും ചുവപ്പ്
അസ്തമയ സൂര്യൻ ചുവന്നുതുടങ്ങി. വൈപ്പിൻ പള്ളത്താംകുളങ്ങര വെളി ഗ്രൗണ്ടിലെ ആൾക്കൂട്ടത്തിനും അതേ ചുവപ്പുണ്ട്. പകൽചൂട് ഏറെക്കുറെ കുറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയായ ഇവിടം പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണ്. മുൻമന്ത്രി എസ്. ശർമ പ്രസംഗിച്ചുകൊണ്ടിരിക്കെ 5.45ന് മുഖ്യമന്ത്രി എത്തി. ‘പ്രിയ സഖാവിന് അഭിവാദ്യങ്ങൾ, വൈപ്പിൻകരയുടെ അഭിവാദ്യങ്ങൾ’..പ്രവർത്തകർ ഒരേ ആവേശത്തോടെ മുഷ്ടികൾ ഉയർത്തി വിളിച്ചു.
അതിനിടയിലൂടെ വേദിയിലെത്തിയ ക്യാപ്റ്റനെ സ്വീകരിക്കാൻ സ്ഥാനാർഥി എം.ബി. ഷൈനിക്കൊപ്പം ഒരാൾ കാത്തുനിന്നിരുന്നു. മുഖ്യമന്ത്രിയുടെ രൂപവും ഭാവവും വേദികളിൽ അനുകരിച്ച് പ്രശസ്തനായ കലാകാരൻ അപ്പു ജോസ്. പൂച്ചെണ്ട് ഏറ്റുവാങ്ങവേ അപ്പുവിനോട് ചെറിയ കുശലാന്വേഷണം. കുടുംബാംഗങ്ങളോട് കാര്യങ്ങൾ ഗൗരവത്തോടെ വിശദീകരിക്കുന്ന കാരണവരെ പോലെ അദ്ദേഹം പറഞ്ഞുതുടങ്ങി: ‘‘കോൺഗ്രസും ബി.ജെ.പിയും പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കുന്നില്ല. കോർപറേറ്റുകളോടാണ് താൽപര്യം. എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത് മനുഷ്യ പക്ഷത്തിന്റെ ബദൽ നയമാണ്. വീടെന്ന സ്വപ്നവുമായി മണ്ണടിയുന്നവരെ മുന്നിൽകണ്ടാണ് ലൈഫ് മിഷൻ ആസൂതണം ചെയ്തതത്. അഞ്ച് ലക്ഷം കുടുംബങ്ങൾ ഇന്ന് സ്വന്തം വീട്ടിൽ ഉറങ്ങുന്നു. അധികാരത്തിൽ വന്നാൽ ‘ലൈഫ്’ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിന് എന്ത് മനുഷ്യപ്പറ്റാണുള്ളത്?. ഒരു വർഗീയതയെയും ചാരിനിൽക്കില്ല എന്നതാണ് എൽ.ഡി.എഫ് നൽകുന്ന ഉറപ്പ്’’. മുദ്രാവാക്യം വിളികളും കൈയടിയുമായി വൈപ്പിൻ കര ആ വാക്കുകളെ ആവേശത്തോടെ ഏറ്റുവാങ്ങി.
അണിയണിയായി ജനം
അടുത്ത യാത്ര കളമശ്ശേരി മണ്ഡലത്തിലെ കൊങ്ങോർപ്പിള്ളിയിലേക്കാണ്. തിരക്ക് കുറഞ്ഞ തീരദേശ റോഡിലൂടെ വാഹനം നീങ്ങുമ്പോൾ വീട്ടുമുറ്റത്തും വഴിവക്കിലും നിന്നവർ കൈവീശി. നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. വേദിയിലെത്തിയ മുഖ്യമന്ത്രി കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ്, ആലുവയിലെ സ്ഥാനാർഥി എ.എം. ആരിഫ് എന്നിവരെ അടുത്തുനിർത്തി, കൈകൾ ചേർത്തുപിടിച്ചു. ഇവിടെ ആൾക്കൂട്ടം കുറച്ച് കൂടുതലുണ്ട്. അതുകൊണ്ടാകാം പ്രസംഗവും മുക്കാൽ മണിക്കൂറിലധികം നീണ്ടു. കേരളം അതിദാരിദ്ര്യമുക്തമായത്, ഉന്നത വിദ്യാഭ്യാസ രംഗത്ത് ആറായിരം കോടി ചെലവഴിച്ചത്, പ്രളയത്തെയും കോവിഡിനെയും അതിജീവിച്ചത്, കണ്ണിൽചോരയില്ലാതെ കേന്ദ്രം അവഗണിച്ചത്, കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട്...എല്ലാം ആറ്റിക്കുറുക്കി പറഞ്ഞുതീർത്തു.
ആർട്ടിസ്റ്റ് ആൻറണി മാത്യു ഒരപൂർവ സമ്മാനം നൽകിയാണ് മുഖ്യമന്ത്രിയെ യാത്രയാക്കിയത്. രണ്ടുകിലോമീറ്റർ നീളമുള്ള നൂലും മൂന്നൂറോളം ആണിയും ഉപയോഗിച്ച് വരച്ച പിണറായിയുടെ ചിത്രം. സമയം ഏഴര കഴിഞ്ഞു. പുറത്തിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോൾ ‘അങ്കിളേ, അങ്കിളേ’ എന്ന് അച്ഛന്‍റെ തോളിലിരുന്ന് ഒരു കുരുന്നിന്‍റെ വിളി. അവളെ അടുത്തേക്ക് വിളിച്ചുനിർത്തി ഫോട്ടോക്ക് പോസ് ചെയ്തു. അപ്പോൾ മറ്റു കുട്ടികളുമെത്തി. ഇരുട്ടും ആൾക്കൂട്ടവും കടന്ന് വാഹനം പുറത്തേക്ക്. അകത്തിരുന്ന മുഖ്യമന്ത്രി ചുറ്റും നിന്നവർക്കുനേരെ ഗൗരവമേതുമില്ലാതെ കൈവീശി ചിരിച്ചു. തൃശൂരിലേക്കാണ് ഇനി. ചൂടും ചുവപ്പും ഉടുത്ത് ആവേശത്തോടെ മറ്റൊരു പകൽ കാത്തിരിക്കുന്നു....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

