‘കുറച്ചുകൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു, കലക്ടർ ഉറങ്ങിപ്പോയോ?’ വൈകിയുള്ള അവധി പ്രഖ്യാപനത്തിൽ കലക്ടർമാർക്ക് രൂക്ഷവിമർശനം; പിന്നാലെ കമന്റ് ബോക്സ് പൂട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചെങ്കിലും, പ്രഖ്യാപനത്തിലെ കാലതാമസം രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ശനിയാഴ്ചയും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും, പല ജില്ലകളിലും ശനിയാഴ്ച രാവിലെ മാത്രമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.
രാവിലെ തന്നെ കനത്ത മഴയെ അവഗണിച്ച് കുട്ടികളുമായി സ്കൂളുകളിലേക്കും മറ്റും പുറപ്പെട്ട രക്ഷിതാക്കൾക്ക് ഈ അപ്രതീക്ഷിത അറിയിപ്പ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. എന്നാൽ, പല ജില്ലകളിലും ശനിയാഴ്ച രാവിലെയായിരുന്നു അവധി പ്രഖ്യാപനം. ഇത് രൂക്ഷമായ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ശനിയാഴ്ച പ്രവൃത്തിദിനമായിരുന്നെങ്കിലും, അപ്രതീക്ഷിതമായി എത്തിയ അതിതീവ്ര മഴയെ തുടർന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചത് അതിരാവിലെ മാത്രമായിരുന്നു. ഇത് സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ തോതിലുള്ള ആശയക്കുഴപ്പവും ദുരിതവുമാണ് സൃഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കലക്ടറുടെ ഫേയ്സ്ബുക്ക് പേജിൽ അവധി അറിയിപ്പ് പോസ്റ്റ് ചെയ്തത്. ഏഴുമണിക്ക് ശേഷമായിരുന്നു കോഴിക്കോട് ജില്ലാ കലക്ടറും അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഏറ്റവുമൊടുവിലായി കണ്ണൂർ ജില്ലാ കലക്ടറും ജില്ലയിൽ അവധിയാണെന്ന് അറിയിച്ചു. ഇതിനകം തന്നെ പല വിദ്യാർഥികളും യാത്രാമധ്യേയോ സ്കൂളുകളിൽ എത്തിച്ചേർന്ന ശേഷമോ ആണ് അവധിയാണെന്ന വിവരം അറിയുന്നത്.
ശനിയാഴ്ച രാവിലെ അവസാന നിമിഷം അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടർമാരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധവും രൂക്ഷ വിമർശനവുമാണ് ഉയർന്നത്. കലക്ടർമാരുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജ് പോസ്റ്റുകൾക്ക് താഴെ നൂറുകണക്കിന് ആളുകളാണ് അമർഷം രേഖപ്പെടുത്തി കമന്റുകളുമായി എത്തിയത്.
കനത്ത മഴയത്ത് വീടുകളിൽ നിന്ന് ഇറങ്ങി വഴിയിൽ പെട്ടുപോയ കുട്ടികളെ ഇനി എന്ത് ചെയ്യണമെന്നും, അവരെ വീണ്ടും തിരികെ വീട്ടിലെത്തിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ആരാണ് പരിഹരിക്കുകയെന്നും രക്ഷിതാക്കൾ ചോദ്യം ചെയ്തു. ഉറക്കമുണർന്നു വൈകിയാണോ കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നതെന്നും, കലക്ടർ ഉറങ്ങിപ്പോയോ? എന്ന രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ മുൻകൂട്ടി ലഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി തലേദിവസം രാത്രി തന്നെ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന ശക്തമായ ആവശ്യവും ഉയർന്നു വന്നു. അവധിക്കുള്ള അറിയിപ്പ് പോസ്റ്റിന് താഴെ പ്രതിഷേധവും വിമർശന കമന്റുകളും അതിവേഗം കുമിഞ്ഞുകൂടിയതോടെ, സാഹചര്യം ഒഴിവാക്കാനായി കോഴിക്കോട് ജില്ലാ കലക്ടർ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

