Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനരധിവാസ പാക്കേജ്...

പുനരധിവാസ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചില്ല, ഹാരിസണിന്‍റെ കൈയേറ്റം സംരക്ഷിക്കാൻ സർക്കാർ പ്രളയ ബാധിതരെ വഞ്ചിക്കുന്നു – സുരേന്ദ്രൻ കരിപ്പുഴ

text_fields
bookmark_border
പുനരധിവാസ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചില്ല, ഹാരിസണിന്‍റെ കൈയേറ്റം സംരക്ഷിക്കാൻ സർക്കാർ പ്രളയ ബാധിതരെ വഞ്ചിക്കുന്നു – സുരേന്ദ്രൻ കരിപ്പുഴ
cancel
camera_alt

പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രളയബാധിതർ കോട്ടയം കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

കോട്ടയം: പ്രളയ ബാധിതരായ ഭൂരഹിതർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പുനരധിവാസം നടത്തുന്നതിനു പകരം ഹാരിസണിന്‍റെ കൈയേറ്റം സംരക്ഷിക്കുന്ന ഏജൻസിയായി സംസ്ഥാന സർക്കാർ മാറിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ. മുണ്ടക്കയം, കൂട്ടിക്കൽ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് നടന്ന കോട്ടയം കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം സംഭവിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുണ്ട്. പൂർണമായും വീടും വസ്തുവും ഒലിച്ച് പോയവരടക്കമുള്ളവർക്ക് കൃത്യമായ ദുരിതാശ്വാസ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. മുണ്ടക്കയം മുറികല്ലുംപുറം അടക്കം ആറ്റുപുറംപോക്കുകളിൽ താമസിക്കുന്ന ഭൂരഹിതരായ കുടുംബങ്ങളുടെ താല്‍ക്കാലിക ഷെൽട്ടറുകളും വീടുകളുമടക്കം പ്രളയത്തിൽ പൂർണമായി നശിച്ചുപോയിട്ടുണ്ട്. ഹാരിസൺ അടക്കമുള്ള കോർപറേറ്റുകൾ വലിയ തോതിൽ സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുമ്പോഴാണ് ഭൂരഹിതർക്ക് നൽകാൻ ഭൂമിയില്ല എന്ന വാദം സർക്കാരുന്നയിക്കുന്നത്.

വിവിധ തോട്ടം മേഖലയിലെ കുത്തകകളിൽ നിന്ന് ഭൂമി പിടിച്ചെടുത്തു ഭൂരഹിതരായവർക്ക് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. മുറികല്ലുംപുറത്ത് ഹാരിസണിന് വേണ്ടി ആറ്റുപുറംപോക്കിൽ അവശേഷിച്ചവരെയും കുടിയിറക്കാൻ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തുകയാണ് സർക്കാർ. ഭൂമിയും വീടും നഷ്ടമായവർക്ക് 10 ലക്ഷം രൂപ നൽകും എന്ന പഴയ പ്രഖ്യാപനം കൊണ്ട് കാര്യമില്ല. ഇതിൽ പുറംപോക്ക് നിവാസികളെ സമ്പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് അവരുടെ നഷ്ടത്തിനനുസരിച്ചുള്ള നഷ്ടപരിഹാരമാണ് സർക്കാർ നൽകേണ്ടത്.

വ്യാപാരികൾക്കും വലിയ തോതിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പുനരധിവാസ പദ്ധതികളിലും വ്യാപാര സമൂഹത്തെ ഒഴിവാക്കുകയാണ്. അവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. മുറികല്ലുംപുറം ഉൾപ്പെടെ ആറ്റുപുറംപോക്കിൽ താമസിക്കുന്ന ഭൂരഹിതർക്ക് ഹാരിസണ്‍ കൈയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് വിതരണം നടത്തുകയും ആ ഭൂമിയിൽ ഭവന നിർമ്മാണത്തിനാവശ്യമായ തുക സർക്കാർ നൽകുകയും വേണം. എല്ലാ വർഷവും പ്രളയവും ഉരുൾ പൊട്ടലും സംഭവിച്ചിട്ടും സമഗ്രമായ ഡിസാസ്റ്റർ നയം രൂപപ്പെടുത്തുകയോ പശ്ചിമ ഘട്ടം സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയോ സർക്കാർ ചെയ്തിട്ടില്ല. പകരം കോർപ്പറേറ്റുകളുടെ പ്രകൃതി ചൂഷണത്തെ ശക്തിപ്പെടുത്താനുതകുന്ന പദ്ധതികളുമായാണ് സർക്കാർ വരുന്നത്.

ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭത്തിലും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്ക് എല്ലായിടത്തും സൗജന്യ ചികിത്സയും ഉറപ്പാക്കണം. പ്രളയം മൂലം മറ്റു തരത്തിൽ നഷ്ടം സംഭവിച്ചവർക്കും അവരുടെ നഷ്ടം മറികടക്കാനാകും വിധത്തിൽ സർക്കാർ സഹായം നൽകണം. ഒളിച്ചുകളി അവസാനിപ്പിച്ച് ഇതെല്ലാം ഉൾപ്പെടുന്ന ഒരു സമഗ്ര പുനരധിവാസ പാക്കേജാണ് സർക്കാർ പ്രഖ്യാപിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കിം, സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, ഭൂസമര സമിതി കൺവീനർ ഷെഫീഖ് ചോഴിയക്കോട്, ജില്ല പ്രസിഡണ്ട് സണ്ണി മാത്യു, ജനറൽ സെക്രട്ടറി നിസാം പുത്തൻ വീട്ടിൽ, വൈസ് പ്രസിഡണ്ട് കെ.കെ സാദിഖ്, സെക്രട്ടറി അൻവർ പാഷ തുടങ്ങിയവർ കലക്ട്രേറ്റ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Show Full Article
TAGS:welfare party 
News Summary - Collectorate March of flood victims led by the Welfare Party
Next Story