മാലിന്യസംസ്‌കരണത്തില്‍ എറണാകുളത്തെ മാതൃകാ ജില്ലയാക്കി മാറ്റണമെന്ന് കലക്ടര്‍
text_fieldsകൊച്ചി : ബ്രഹ്‌മപുരം തീപിടിത്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ ജില്ലയായി മാറാന്‍ എറണാകുളത്തിന് കഴിയുമെന്ന് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്‌കരണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കർമ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. മാലിന്യ സംസ്‌കരണകർമ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലാണ്. 2016 ല്‍ തന്നെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നിട്ടുണ്ട്.
ജില്ലയില്‍ മാലിന്യ സംസ്‌കരണം മാതൃകാപരമായി നടപ്പാക്കുന്ന തദേശ സ്ഥാപനങ്ങളുണ്ട്. എല്ലാ തദേശ സ്ഥാപനങ്ങളും ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടത്തണം. ഇതിന് എല്ലാവിധ പിന്തുണയും നല്‍കുന്നതിന് ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയവയുണ്ട്. ജനപ്രതിനിധികളുടെയും സഹകരണമുണ്ട്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മികച്ച മാതൃകയാകുക എന്ന ലക്ഷ്യം കൈവരിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 75 ശതമാനം തദേശ സ്വയംഭരണ സ്ഥാപനങ്ങളും മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പരിശീലന പരിപാടിയില്‍ തദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

