ഇന്‍ഫോപാര്‍ക്കിലെ വെള്ളക്കെട്ട്: കലുങ്ക് പുനർനിര്‍മിക്കുന്നതിന് പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു
text_fieldsകൊച്ചി: കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ ഇന്‍ഫോപാര്‍ക്കും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായ സാഹചര്യത്തില്‍ വെള്ളം ഒഴുകിപോകുന്നതിനു നിലവിലെ കലുങ്ക് പുന:നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കൊച്ച കലക്ടര്‍ നിര്‍ദേശിച്ചു. കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നല്‍കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിതീവ്ര മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു ചേര്‍ന്ന യോഗത്തിലാണു നിര്‍ദേശം.
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന അതിശക്തമഴയിലെ വെള്ളം ഒഴുക്കി കളയുന്നതിനു നിലവിലെ കലുങ്ക് അപര്യാപ്തമാണെന്നാണ് കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ബോക്‌സ് കലുങ്ക് നിര്‍മ്മിച്ച് വെള്ളം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കേണ്ടിവരും. നിലംപതിഞ്ഞി മുകളില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഇടച്ചിറ തോട് ക്ലീനിംഗ് പ്രവൃത്തികള്‍ നടക്കുന്നതായി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
തൃക്കാക്കര നഗരസഭയിലെ ക്ലീനിംഗ് ജോലികളുടെ ഷോര്‍ട്ട് ടെന്‍ഡറിംഗ് പൂര്‍ത്തിയായതായും പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കീരേലിമലയിലെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരു ക്യാമ്പ് ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു.
ഇടപ്പള്ളി സിഗ്‌നല്‍ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മെട്രോ സ്റ്റേഷനു പുറകിലുള്ള കാന ക്ലീന്‍ ചെയ്യുന്നതിന് ദേശീയ പാത അതോറിട്ടി തയ്യാറാക്കിയ പ്രൊപ്പോസല്‍ ലഭിച്ചാല്‍ അടിയന്തരമായി തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. ഈ സ്ഥലം സന്ദര്‍ശിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിലുള്ള കാനയിലേക്കു ഭൂമിക്ക് അടിയിലൂടെ നിര്‍മ്മിക്കുന്ന ട്രെയിനേജ് രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാകുമെന്നും ദേശീയ പാത അതോറിട്ടി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ കളമശ്ശേരി നഗരസഭാ പരിധിയിലെ 28 വാര്‍ഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. നാല്‍പത് പേരെ ക്യാമ്പിലേക്കു രാത്രി മാറ്റിയിരുന്നെങ്കിലും ബുധനാഴ്ച്ച അവര്‍ വീടുകളിലേക്കു തിരിച്ചുപോയി. നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നില്ല. മൂലേപ്പാടത്ത് മാത്രമാണ് നിലവില്‍ വെള്ളക്കെട്ട് ഉള്ളതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. കളമശ്ശേരി നഗരസഭാ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുള്‍ ക്ലിയര്‍ ചെയ്തിട്ടുണ്ട്. അതിശക്തമായ മഴ മൂലമുള്ള വെള്ളക്കെട്ട് മാത്രമാണു കഴിഞ്ഞദിവസം ഉണ്ടായതെന്നും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ഇലക്‌ട്രോണിക് മാന്യുഫാക്ച്ചറിംഗ് ക്ലസ്റ്റര്‍, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനു കൂടുതല്‍ കലുങ്കുകള്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കണമെന്ന് കിന്‍ഫ്ര അധികൃതര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ നഗരസഭയിലെ 19, 20 വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്ന് സെക്രട്ടറി അറിയിച്ചു. അതിശക്തമായ മഴയില്‍ 10 വീടുകള്‍ വെള്ളത്തിലായിരുന്നു. ഈ പ്രദേശത്ത് കലുങ്ക് നിര്‍മ്മിച്ച് റെയില്‍വേയുടെ കലുങ്കിലൂടെ വെള്ളം കടത്തിവിടണം. കൂടാതെ നിലവിലുള്ള കലുങ്ക് വൃത്തിയാക്കി സമാന്തരമായി മറ്റൊരു കലുങ്ക് നിര്‍മ്മിച്ചാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുകയുള്ളൂ എന്നും ഇതിനായി റെയില്‍വേ, കൊച്ചി മെട്രോ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സെക്രട്ടറി പറഞ്ഞു. വാര്‍ഡ് 38 വടക്കേകോട്ട ഭാഗത്ത് കലുങ്ക് വികസിപ്പിക്കണമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

