കളക്ഷൻ ഉയർന്നു; പക്ഷേ, പൊരുത്തപ്പെടാത്ത കണക്കിൽ ചുറ്റി കെ.എസ്.ആർ.ടി.സി
text_fieldsRepresentational Image
തിരുവനന്തപുരം: പ്രതിമാസ കളക്ഷൻ വരുമാനം മെച്ചപ്പെട്ടെങ്കിലും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പരാധീനതക്ക് അറുതിയാകുന്നില്ല. തസ്തിക ചുരുക്കലും കരാർ നിയമനങ്ങൾ മാത്രമുള്ള സ്വിഫ്റ്റ് കമ്പനിയുമടക്കം ട്രാക്കിലായിട്ടും ശമ്പളത്തിനുള്ള വക കണ്ടെത്താൻ സർക്കാറിനു മുന്നിൽ കൈനീട്ടേണ്ട ഗതികേടാണിപ്പോൾ. 240.48 കോടി രൂപയാണ് ഡിസംബറിലെ കളക്ഷൻ. 2021 നവംബറിൽ 121 കോടിയായിരുന്നു കളക്ഷൻ. 2022 ജൂണിൽ ഇത് ശരാശരി 180-190 കോടിയായി ഉയർന്നു. ഇപ്പോൾ 220-240 കോടിയായും. പക്ഷേ, അഞ്ചാം കരാർ പ്രകാരം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാനാകുന്നില്ലെന്ന് മാത്രമല്ല, വിതരണം രണ്ട് ഗഡുക്കളായാണിപ്പോൾ.
കെ.എസ്.ആർ.ടി.സിയിൽ പ്രതിമാസ ശമ്പളത്തിന് വേണ്ടത് 70-80 കോടിയാണ്. 33 കോടി വായ്പ തിരിച്ചടവിന് വേണം. പെൻഷൻ വിതരണം സർക്കാറാണ് നടത്തുന്നത്. സ്പെയർ പാർട്സിന് വേണ്ടത് എട്ടു കോടിയാണ്. ഇന്ധനച്ചെലവാണ് പിന്നെ കാര്യമായുള്ളത്, 81കോടി. ഇത്തരത്തിൽ വരവിനു പിന്നാലെ, പ്രതിമാസ ചെലവുകൾ കൂടി നിരത്തുമ്പോൾ കണക്കുകൾ പൊരുത്തപ്പെടുന്നില്ലെന്നതാണ് മാനേജ്മെന്‍റിനെയും സർക്കാറിനെയും വട്ടം കറക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ ഒരു മാസം 250 കോടി രൂപക്കുമേൽ ചെലവുണ്ടെന്നാണ് മാനേജ്മെൻറ് വാദം. ഇന്ധന വിലയിൽ മാത്രം 33.25 കോടി രൂപയുടെ വർധനയുണ്ടായെന്നും ശമ്പള പരിഷ്കരണം നടപ്പാക്കിയതിനെ തുടർന്നുള്ള അധിക ബാധ്യത 18 കോടിയാണെന്നും മാനേജ്മെന്‍റ് പറയുന്നു.1984 ലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിച്ചത്. രാജ്യത്ത് മറ്റൊരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖല കമ്പനികളിലും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലവിലില്ല. മാസം 70 കോടിയോളമാണ് പെൻഷനുവേണ്ടത്.
സഹകരണ സംഘങ്ങളുടെ കൺസോർട്യം വഴി പെന്‍ഷന്‍ വിതരണം ചെയ്യുകയും, ചെലവായ തുക പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം തിരിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. 40,000 പെന്‍ഷന്‍കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് പ്രവർത്തന മൂലധനമായി വർഷാവർഷം ബജറ്റിൽ നീക്കിവെക്കുന്ന 1000 കോടിയിൽ നിന്നാണ് കൺസോർട്യം വായ്പയായി നൽകിയ തുക പലിശ സഹിതം തിരിച്ചടക്കുന്നത്. കൺസോർട്യത്തിന്‍റെ ഇടനിലയില്ലാതെ ധനവകുപ്പ് നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് ഈ തുക നൽകുകയാണെങ്കിൽ പലിശ ഇനത്തിലെ വലിയ തുക ലാഭിക്കാനാകുമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

