ആർ.എസ്.എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരണം; ധാരണപത്രം ഒപ്പിട്ട് കോഴിക്കോട് എൻ.ഐ.ടി
text_fieldsഅക്കാദമിക മേഖലയിലെ സഹകരണത്തിനായി എൻ.ഐ.ടി.യും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്‌കോം) ധാരണാപത്രം ഒപ്പുവെച്ചപ്പോൾ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.ഐ.ടി. ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, പി.ടി.എ. റഹീം എം.എൽ.എ എന്നിവർ സമീപം
കോഴിക്കോട്: ആർ.എസ്.എസിന്റെ അധീനതയിലുള്ള മാധ്യമ വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണപത്രം ഒപ്പിട്ട് കോഴിക്കോട് എൻ.ഐ.ടി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായാണ് (മാഗ്‌കോം) എൻ.ഐ.ടി ധാരണ പത്രം ഒപ്പിട്ടത്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആർ.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരണ കരാർ ഒപ്പിട്ടത് കോഴിക്കോട് എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിമർശനം. സംഘപരിവാരവുമായി അടുത്ത ബന്ധം പുലർത്തുന്ന ഡയറക്ടർ പ്രസാദ് കൃഷ്ണയാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
എൻ.ഐ.ടിയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്ന വിമർശനങ്ങളോട്, രാഷ്ട്രപിതാവിന്റെ പേരിലുള്ള സ്ഥാപനം എൻ.ഐ.ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും മറ്റൊന്നും നോക്കേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം.
ടെക്നിക്കൽ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്‌നോളജി, ഇന്റർനാഷണൽ സ്റ്റഡീസ് തുടങ്ങിയ മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. ധാരണപത്രം ഒപ്പുവയ്ക്കുന്നത് മാധ്യമമേഖലയിലും എൻജിനിയറിങ് മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എൻ.ഐ.ടി പ്രതികരിച്ചു. പി.ടി.എ. റഹീം എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

