ഈ സേവനത്തിന് നൽകാം ബിഗ് സല്യൂട്ട്
text_fieldsമഞ്ചേരി: നഴ്സിങ് പഠനം പൂർത്തിയാക്കി ഹരികൃഷ്ണൻ നേരെ എത്തിയത് കോവിഡ് ഐ.സി.യുവിലേക്ക്. ഏഴുദിവസം ഇവിടെ ജോലിചെയ്തു. പിന്നീട് 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി വീണ്ടും പോസിറ്റിവ് വാർഡിലേക്ക്. താനൂർ ചേനിയാട്ടിൽ ഹരികൃഷ്ണനാണ് (22) കോവിഡ് കാലത്ത് സമാനതകളില്ലാതെ സേവനം നടത്തുന്നത്.
മാർച്ച് 24ന് ജോലിയിൽ പ്രവേശിച്ച പൂനലൂർ തോട്ടത്തിൽ വീട്ടിൽ എസ്. ശ്യാമും വീട്ടിൽ പോലും പോകാതെ സേവനരംഗത്ത് കർമനിരതനാണ്. ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് ഹരികൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഓരോ രോഗികളെയും മികച്ച രീതിയിൽ പരിചരിച്ചു. രോഗം ഭേദമായി ഓരോരുത്തരും ആശുപത്രി വിടുമ്പോൾ അതിയായ സന്തോഷമുണ്ടാകാറുണ്ടെന്ന് ഹരികൃഷ്ണൻ പറഞ്ഞു. പഠനം കഴിഞ്ഞ് ആദ്യമായി ഒരുമഹാമാരിയെ പ്രതിേരാധിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു. എന്നാൽ, സഹപ്രവർത്തകരും മറ്റു ആരോഗ്യപ്രവർത്തകരും പിന്തുണ നൽകിയതോടെ ഭയം ഇല്ലാതായെന്നും കൂട്ടിച്ചേർത്തു.
ശ്യാമിനും ഈ കോവിഡ് കാലം വെല്ലുവിളി നിറഞ്ഞതാണ്. ആദ്യഘട്ടത്തിൽ 100ലധികം പേർ സാമ്പിൾ എടുക്കാൻ എത്തിയ സമയത്തായിരുന്നു ജോലി ചെയ്തിരുന്നത്. സുരക്ഷ വസ്ത്രം ധരിച്ച് ഇവരുടെ സാമ്പിൾ എടുക്കും. ഇത്തരത്തിൽ പലപ്പോഴും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായി ശ്യാം പറഞ്ഞു. മുഴുവൻ ആരോഗ്യപ്രവർത്തകരും കൂട്ടായ പ്രവർത്തനമാണ് നടത്തുന്നത്. സുരക്ഷാവശ്യമായ എല്ലാസാധനങ്ങളും ആരോഗ്യവകുപ്പ് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഒരു പേടിയുമില്ലെന്നും ശ്യാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
