കയർ മേഖലക്ക് പ്രതീക്ഷയായി ഓണക്കാലം
text_fieldsആലപ്പുഴ: ഓണക്കാലം എത്തിയത് കയർ മേഖലക്ക് പ്രതീക്ഷ പകരുന്നു. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ ഏറെയും വിറ്റഴിയുക ഓണക്കാലത്താണ്. ഉൽപന്നങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചതിനാൽ വലിയതോതിൽ വിൽപന നടക്കുമെന്നാണ് പ്രതീക്ഷ.
അതോടെ കയർ സംഘങ്ങൾക്കും തൊഴിലാളിക്കും കുടിശ്ശിക തീർത്ത് ലഭിക്കുമെന്നതും പ്രതീക്ഷ പകരുന്നു. ചലനമറ്റ കയർ സംഘങ്ങൾക്കു പ്രവർത്തന മൂലധനം നൽകുന്നതും ഓണക്കാലത്തെ വിൽപനയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽനിന്നാണ്. ആഭ്യന്തര മാർക്കറ്റിലാണ് ഉൽപന്നങ്ങൾ ഇപ്പോൾ കൂടുതൽ വിൽക്കപ്പെടുന്നത്. വിദേശ ഓർഡറുകൾ നാമമാത്രമാണ്.
കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കയർ കോർപറേഷൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. 30 കോടിയോളം രൂപയുടെ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. ആലപ്പുഴ കയറിന് മറ്റ് ജില്ലകളിലും പ്രിയം ഏറെയാണ്.
ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിർമിക്കുന്ന ഉൽപന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്. ലോക വ്യാപാര സംഘടനയുടെ ‘ഭൂപ്രദേശ സൂചകം’ എന്ന അംഗീകാരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിർമിക്കുന്ന കയറിന് ജനപ്രീതി വർധിച്ചത്. തൊഴിലാളികൾ ഉൽപാദിപ്പിക്കുന്ന കയർ വാങ്ങി സംഭരിക്കുന്നത് കയർ സംഘങ്ങളുടെ അപെക്സ് ബോഡിയായ കയർഫെഡാണ്. ഉൽപന്നങ്ങൾ സംഭരിക്കുന്നത് കയർ വികസന കോർപറേഷനുമാണ്. ഓണത്തിന് മുമ്പ് ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറപ്പ് ഫലംകണ്ടില്ല
കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിന് സമഗ്ര ഇടപെടൽ നടത്തുമെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നു. അതിന്റെ പ്രതിഫലനം ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. കയർ ഉൽപാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ചനടത്തി ആവശ്യമായ പദ്ധതികൾ പ്രായോഗികമായതായി തൊഴിലാളികൾക്ക് അനുഭവപ്പെട്ടിട്ടില്ല.
കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകളും കാര്യമായി നടപ്പാക്കിയിട്ടില്ല. പൂർണ റിപ്പോർട്ട് ഒരുമാസത്തിനകം പ്രസിദ്ധീകരിക്കും. അതുകൂടി വരുന്നതോടെ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

