വരുന്നു, ‘കേരഗ്രാമ’ങ്ങൾ
text_fieldsകൊച്ചി: സംയോജിത വിള പരിപാലന രീതികളിലൂടെ നാളികേരത്തിെൻറ ഉൽപാദനക്ഷമത വർധിപ്പിക്കാനും കേരകർഷകർക്ക് കൈത്താങ്ങാകാനും വിഭാവനം ചെയ്ത ‘കേരഗ്രാമം’ പദ്ധതി മുന്നോട്ട്. 79 പഞ്ചായത്തുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലേക്ക് 11 ജില്ലകളിലെ 77 കേരഗ്രാമങ്ങൾ തെരഞ്ഞെടുത്ത് പട്ടിക സർക്കാറിന് സമർപ്പിച്ചു. രണ്ട് പഞ്ചായത്ത് കൂടി വരുംദിവസങ്ങളിൽ പട്ടികയിൽ ഉൾപ്പെടുത്തും. നിരവധി ഗ്രാമങ്ങൾ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കേരകൃഷിക്ക് 250 ഹെക്ടർ വീതം വിസ്തൃതിയുള്ള കേരഗ്രാമങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. 11,000 ഹെക്ടർ തെങ്ങുകൃഷിക്ക് പ്രയോജനം ലഭിക്കും.
നാളികേര വികസനത്തിന് നടപ്പ് സാമ്പത്തികവർഷം വകയിരുത്തിയ 50 കോടിയിൽ 39.80 കോടിയാണ് കേരഗ്രാമം പദ്ധതിക്ക് മാറ്റിെവച്ചത്. തടംതുറക്കൽ മുതൽ വളമിടീലും ഇടവിളകൃഷിയുമടക്കമുള്ള ആവശ്യങ്ങൾ പൂർത്തീകരിച്ച് ഉൽപാദനക്ഷമത കുറഞ്ഞ തൈകൾ മാറ്റി പുതിയത് നടാൻ ഹെക്ടറൊന്നിന് 160,000 രൂപ എന്ന തോതിൽ കേരഗ്രാമത്തിന് 40 ലക്ഷം രൂപ സംസ്ഥന പ്ലാൻ ഫണ്ടിൽനിന്ന് ചെലവഴിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 22.5 ലക്ഷം രൂപ അധികമായും നൽകും. തെങ്ങുകയറ്റ യന്ത്രങ്ങൾ 2000 രൂപ സബ്സിഡി നിരക്കിൽ ലഭ്യമാക്കും.
ജലസേചന സൗകര്യം വർധിപ്പിക്കുന്നതിന് അഞ്ചുലക്ഷം, കമ്പോസ്റ്റ് യൂനിറ്റുകൾക്ക് 0.8 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പഞ്ചായത്ത്തല കേരസമിതിക്ക് ഒരുലക്ഷം, തൊണ്ട് സംഭരണം, ചെറുകിട കയർ സംസ്കരണ യൂനിറ്റുകൾ രണ്ടുലക്ഷം എന്നിങ്ങനെയും നൽകും.
സംസ്ഥാനാവിഷ്കൃത പദ്ധതിയുടെ പ്ലാൻ ഫണ്ടിൽനിന്ന് ഒരു കേരഗ്രാമത്തിന് 50.17 ലക്ഷം, ജനകീയാസൂത്രണ ഫണ്ടിൽനിന്ന് 22.50 ലക്ഷം, എസ്.എഫ്.എ.സിയുടെ സഹകരണത്തോടെ 25 ലക്ഷം എന്നിങ്ങനെ 97.67 ലക്ഷമാണ് ലഭ്യമാകുക. ശാസ്ത്രീയമായി കൃഷിച്ചെലവുകൾ ക്രമീകരിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കാൻ പര്യാപ്തമായ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് അസി. ഡയറക്ടർ ജോർജ് അലക്സാണ്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
