നാളികേരത്തിന് സങ്കടകാലം; ചിരട്ടക്ക് നല്ല കാലം എട്ടു മാസത്തിനിടെ 50 ശതമാനം വിലക്കുറവ്
text_fieldsമലപ്പുറം: സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവിൽ നാളികേരം. ഇത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, ആരും ഗൗനിക്കാതെ കളഞ്ഞിരുന്ന ചിരട്ടക്ക് വില കുത്തനെ കൂടുകയും ചെയ്യുന്നു. നാളികേരവില എട്ടു മാസത്തിനിടെ ഏതാണ്ട് പകുതിയായാണ് കുറഞ്ഞത്.
പൊതിച്ച നാളികേരത്തിന് ഇപ്പോഴത്തെ വിപണിവില കിലോക്ക് 42 രൂപയാണ്. ചിരട്ടക്ക് കിലോക്ക് 32 രൂപ വരെ ലഭിക്കുന്നുണ്ട്. എട്ടു മാസം മുമ്പ് നാളികേരവില ഉയർന്ന് റെക്കോഡ് വിലയായ കിലോക്ക് 82 രൂപയിലെത്തിയിരുന്നു. അവിടന്നിങ്ങോട്ട് പടിപടിയായി വില ഇടിയുകയായിരുന്നു. തേങ്ങവിലക്ക് ആനുപാതികമായി കൊപ്രക്കും വെളിച്ചെണ്ണക്കും വിലയിടിഞ്ഞിട്ടുണ്ട്. കിലോക്ക് 255 രൂപ വരെ ലഭിച്ചിരുന്ന കൊപ്രക്ക് 145 രൂപയാണ് ഇപ്പോഴത്തെ വില. സംസ്ഥാനത്തും തമിഴ്നാട്ടിലും നാളികേര ഉൽപാദനം വൻതോതിൽ വർധിച്ചതാണ് വിലയിടിയാൻ പ്രധാന കാരണം. പശ്ചിമേഷ്യൻ യുദ്ധം കാരണം നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി കുറഞ്ഞതും വിലയിടിവിന് കാരണമായി. അതേസമയം, ചിരട്ട കത്തിച്ചുണ്ടാക്കുന്ന കരി വിവിധ ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നതിനാൽ വിപണിയിൽ ആവശ്യക്കാരേറെയാണ്. അതിനാൽതന്നെ നല്ല വിലയും ലഭിക്കുന്നുണ്ട്.
ചിരട്ടക്കരി സംസ്കരിച്ച് നിർമിക്കുന്ന ആക്ടിവേറ്റഡ് കാർബൺ ചർമസംരക്ഷണത്തിനായുള്ള സൗന്ദര്യവർധക വസ്തുക്കളിലും വായുവും വെള്ളവും ശുദ്ധീകരിക്കുന്ന ഫിൽട്ടറുകളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മോതിരം, വളകൾ, വിവിധതരം അലങ്കാരവസ്തുക്കൾ, പൂപ്പാത്രങ്ങൾ, വിളക്കുകൾ എന്നിവ നിർമിക്കാനും ചിരട്ട ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് ചിരട്ടക്കരി വലിയ തോതിൽ കയറ്റുമതി ചെയ്യുന്നതും ചിരട്ടവില വർധനക്ക് ഒരു കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

