തേങ്ങ, വെളിച്ചെണ്ണ വില കുറയുന്ന ലക്ഷണമില്ല
text_fieldsആലപ്പുഴ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉടനൊന്നും താഴുമെന്ന സൂചനകളില്ല. ഓണക്കാലം എത്തുന്നതിനാൽ ഇനിയും കൂടാനാണ് സാധ്യത കൽപിക്കപ്പെടുന്നത്. വെളിച്ചെണ്ണ കിലോക്ക് 465-475 രൂപയാണ് ചില്ലറ വിൽപന വില. തേങ്ങ വില കിലോക്ക് 80-90 രൂപ വരെയായി. ഇതോടെ അടുക്കളയിൽ തേങ്ങ, വെളിച്ചെണ്ണ ഉപയോഗം ചുരുക്കാൻ കുടുംബങ്ങൾ നിർബന്ധിതരാകുകയാണ്.
മറ്റു എണ്ണകൾ ആരോഗ്യദായകമല്ലെന്ന ഭയാശങ്ക കാരണം വെളിച്ചെണ്ണയെ ഒഴിവാക്കാനും കഴിയുന്നില്ല. വെളിച്ചെണ്ണയും തേങ്ങയും മുഖ്യഘടകമായ വിഭവങ്ങൾ ഇപ്പോൾ പല ഹോട്ടലുകളുടെയും മെനുവിൽനിന്ന് പുറത്തായി. എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് ചിലയിടങ്ങളിൽ വിലകൂട്ടിയിട്ടുണ്ട്. നേരത്തേ 10 രൂപയായിരുന്ന ചെറുകടികൾക്ക് ഇപ്പോൾ 20 വരെ ഈടാക്കുന്നു.
വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണക്ക് പകരക്കാരനായി പാമോയിൽ കടന്നുവരുന്നുണ്ട്. പലയിടത്തും പാമോഓയിലും സൂര്യകാന്തി എണ്ണയും മറ്റുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവയുടെ പരിശുദ്ധിയിൽ വിശ്വാസ്യതയില്ലാത്തതിനാൽ വിലകുറവുണ്ടെങ്കിലും വീടുകളിലേക്ക് അവയെ കയറ്റുന്നതിന് മിക്കവരും മടിക്കുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഒരു കിലോ വെളിച്ചെണ്ണക്ക് 190 രൂപയായിരുന്നു. ഒരു കിലോ തേങ്ങക്ക് വില 32 രൂപ. കേരളത്തിൽ തേങ്ങയുടെ ഉൽപാദനക്ഷമത കഴിഞ്ഞ വേനലിൽ ഏതാണ്ട് പാതിയോളമായി കുറഞ്ഞിരുന്നു. 2021-22ൽ ഹെക്ടറിന് 7412 തേങ്ങയായിരുന്നു ശരാശരി ഉൽപാദനം. 2022-23ൽ 7215 തേങ്ങയായും 2023-24ൽ 7211 ആയും ഇടിഞ്ഞു.
മായം കലർന്ന വെളിച്ചെണ്ണയുടെ വരവ് കൂടി
വെളിച്ചെണ്ണ വില വർധിച്ചതോടെ മായംകലർന്ന വെളിച്ചെണ്ണയുടെ വരവും കൂടി. കർണർ ഓയിൽ ഉൾപ്പെടെയുള്ളവ കലർത്തിയാണ് പല ബ്രാൻഡുകളും വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നവയിൽ ഭൂരിഭാഗവും വ്യാജനാണെന്നാണ് ആക്ഷേപം. പാമോയിലും വെളിച്ചെണ്ണയും ചേർത്ത് വെളിച്ചെണ്ണ എന്ന വ്യാജേന വിപണിയിലെത്തുന്നുമുണ്ട്. ചക്കിലാട്ടിയതെന്ന ലേബലിൽ തമിഴ്നാട്ടിൽനിന്ന് വ്യാജ വെളിച്ചെണ്ണയും എത്തുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ കൊപ്ര കുറഞ്ഞവിലയിൽ ശേഖരിച്ച് രാസപദാർഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വെളിച്ചെണ്ണയാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്.
തേങ്ങ വരവിലും വൻ ഇടിവ്
തമിഴ്നാട്ടിൽനിന്നുള്ള തേങ്ങ വരവിലും വൻ ഇടിവുണ്ട്. കാലാവസ്ഥവ്യതിയാനത്തിനൊപ്പം തെങ്ങിനെ ബാധിച്ച രോഗങ്ങളും ഉൽപാദനക്കുറവുണ്ടാക്കി. കേരളത്തിൽനിന്ന് തേങ്ങ സംഭരിച്ച് തമിഴ്നാട്ടിലെത്തിച്ച് കൊപ്രയാക്കി തിരികെയെത്തിക്കുന്ന സംരംഭകരും പ്രതിസന്ധിയിലാണ്.
കൂലിച്ചെലവ് കുറവായതിനാലും ഗുണമേന്മയുള്ള കൊപ്ര ലഭിക്കുന്നതിനാലും കേരളത്തിൽനിന്ന് വൻതോതിൽ തേങ്ങ ഇത്തരത്തിൽ തമിഴ്നാട്ടിൽ എത്തിയിരുന്നു. ഉൽപാദനം ഇടിഞ്ഞതോടെ ഇത് പൂർണമായും നിലച്ചു. തേങ്ങയുടെ ക്ഷാമം ചിരട്ടയുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്. 32 രൂപക്കാണ് നിലവിൽ ചിരട്ട സംഭരിക്കുന്നത്.
തെങ്ങിൻതോട്ടങ്ങളുടെ വ്യാപ്തി കുറഞ്ഞതും കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണവും കൂമ്പുചീയലും കാറ്റുവീഴ്ചയുമെല്ലാം തെങ്ങ് കൃഷിയും തേങ്ങ ഉൽപാദനവും ഗണ്യമായി കുറയാൻ കാരണമായി. തെങ്ങിൽ കയറി തേങ്ങയിടാൻ തൊഴിലാളികളെ കിട്ടാനില്ലാത്തതും കർഷകരെ തെങ്ങ് കൃഷിയിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നു. ഇതെല്ലാം ഉൽപാദനത്തെയും സാരമായി ബാധിക്കുന്നതായി കേരള കാർഷിക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

