കൊച്ചി: കപ്പൽശാലയിൽ നിർമാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം ശിങ്കരിയ എന്നിവർക്കെതിരെയാണ് എൻ.ഐ.എ കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നേരത്തേ ആരോപിച്ചിരുന്ന ഗുരുതര കുറ്റങ്ങൾ ഒഴിവാക്കിയാണ് കുറ്റപത്രം. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, ഇതിന് ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. മോഷണത്തിന് പിന്നിൽ ദേശവിരുദ്ധ പ്രവർത്തനലക്ഷ്യം ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വകുപ്പുകൾ ഒഴിവാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമം 457 (അതിക്രമിച്ച് കടക്കുക), 480 (മോഷണം), 461 (മോഷണത്തിനായി കുത്തിത്തുറക്കുക) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019 സെപ്റ്റംബറിലാണ് ഹാർഡ് ഡിസ്കുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. നിർമാണത്തിലിരുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽനിന്നാണ് ഇത് മോഷ്ടിച്ചത്.
ബിഹാറിലെ നക്സൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തുനിന്നാണ് ഒന്നാം പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കൊച്ചിൻ ഷിപ്യാർഡിൽ പെയിൻറിങ് കരാർ എടുത്ത ഒരാൾക്ക് കീഴിലാണ് ഇരുവരും ഷിപളയാർഡിൽ ജോലിക്കെത്തിയത്. മോഷണം നടന്ന 2019 ൽ ഇരുവരും ഒരുമിച്ച് കപ്പൽശാലയിൽ ജോലി ചെയ്തിരുന്നു.
തുടർന്നാണ് മോഷണം നടത്തിയത്. രാജ്യത്തിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായകവിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകൾ നഷ്ടപ്പെട്ടതിനാൽ അതിഗൗരവത്തോടെയാണ് എൻ.ഐ.എ ഈ കേസ് കൈകാര്യം ചെയ്തത്. പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കിയെങ്കിലും ദേശവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ല. പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.