ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവന ദുരുദ്ദേശ്യപരമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്
text_fieldsജസ്റ്റിസ് ഇന്ദു മൽഹോത്ര
തൃശൂർ: സർക്കാർ ക്ഷേത്രങ്ങൾ കൈയേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങൾക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങൾക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. പരമോന്നത നീതിന്യായ കോടതിയിലെ ജസ്റ്റിസ് പദവിയെ അലങ്കരിച്ചിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയെ പോലെയുള്ളവർ ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് നിർഭാഗ്യകരമാണെന്നും പ്രസിഡന്‍റ് വി. നന്ദകുമാർ പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല. 2018-2019 വർഷങ്ങളിലെ പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതിനെ തുടർന്ന് വരുമാനം തീർത്തും നിലച്ചുപോയ സന്ദർഭത്തിൽ സർക്കാറിൽനിന്ന് അനുവദിച്ച 25 കോടിയാണ് കൊച്ചിൻ ദേവസ്വം ബോർഡിന് സഹായകമായത്. മാത്രമല്ല കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് സർക്കാറിൽനിന്ന് കോടിക്കണക്കിന് രൂപ വർഷങ്ങളായി അനുവദിച്ചുവരുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രങ്ങൾ നവീകരിക്കുക, ആൽത്തറകൾ കെട്ടുക തുടങ്ങിയവ സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്തുന്നത്.
ക്ഷേത്രങ്ങളിലെയും മറ്റും വരുമാനം ഗ്രൂപ് ഡെവലപ്മെന്റ് ഫണ്ട് (ജി.ഡി.എഫ്) എന്ന കേന്ദ്രീകൃത അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ഈ ഫണ്ടിൽനിന്നുമാണ്. ക്ഷേത്രങ്ങളിലെ നിത്യനിദാന ചടങ്ങുകൾക്കും ജീവനക്കാരുടെ ശമ്പളത്തിനും മറ്റും ഫണ്ട് അനുവദിക്കുന്നത്. ദേവസ്വം ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് സർക്കാറുകൾക്ക് ഒരധികാരവുമില്ല. ദേവസ്വം ബോർഡുകളുടെയും ക്ഷേത്രങ്ങളുടെയും വരുമാനത്തിന്റെ വിനിയോഗം ഇത്തരത്തിലായിരിക്കെ ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളെ വേർതിരിച്ച് കാണുന്നതിനും വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

