അർബുദത്തെ പ്രതിരോധിക്കാൻ പൊതുജന പിന്തുണ വേണം -മുഖ്യമന്ത്രി
text_fieldsകൊച്ചി കാൻസർ റിസർച് സെന്ററിന്റെ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി. രാജീവ്, എം.എൽ.എമാരായ കെ. ബാബു, ആന്റണി ജോൺ, ഉമാ തോമസ്, ജില്ല കലക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ സമീപം
കളമശ്ശേരി: അർബുദത്തെ പ്രതിരോധിക്കാൻ പൊതുജന പിന്തുണയും സഹകരണവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നു. എല്ലാ അർബുദവും ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും ഭൂരിഭാഗം കേസുകളും ആ ഗണത്തിൽ പെടുന്നവയാണ്. ഓരോരുത്തരും വ്യക്തിപരമായ ഉത്തരവാദിത്തമായി രോഗപ്രതിരോധത്തെ കാണണം. കൊച്ചിയിൽ കാൻസർ സെന്റർ വേണമെന്നതിൽ തർക്കമുണ്ടായിരുന്നില്ല. പണമായിരുന്നു പ്രശ്നം. ഇതിന് പരിഹാരമായാണ് സമാന്തര ധന സ്രോതസ്സ് എന്ന നിലയിൽ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തി. സി.സി.ആർ.സി സ്പെഷൽ ഓഫിസറും സിയാൽ എം.ഡിയുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കെ. ബാബു, ആന്റണി ജോൺ, ഉമ തോമസ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗാഡെ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

