മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്
text_fieldsമട്ടാഞ്ചേരി: പുറംകടലില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് തൊഴിലാളികൾക്ക് പരിേക്കറ്റു. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ തെറിച്ചുവീണ് പരിക്കേറ്റ േജാസി, അശോകൻ എന്നിവരെ അയ്യമ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനമ്പം തീരത്തുനിന്ന് 18 നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം.
മുനമ്പം ഹാര്‍ബറില്‍നിന്ന് ചൊവ്വാഴ്ച 10 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട നോഹയെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി തുറമുഖത്തുനിന്ന് പോകുകയായിരുന്ന മഹര്‍ഷ് ഭരദ്വാജ് എന്ന കപ്പലാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. അശ്രദ്ധമായി വന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്ന രണ്ട് വലകള്‍ കടലിലേക്ക് തെറിച്ചുവീണു. ബോട്ടിെൻറ മുന്‍വശം തകര്‍ന്നു. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി തൊഴിലാളികള്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. കോസ്റ്റല്‍ പൊലീസ് കേസെടുത്തു.
