മലപ്പുറം: ജനകീയ സമരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ ഗെയിൽ പ്രകൃതി വാതകപദ്ധത ി അതിവേഗം യാഥാർഥ്യമാകുന്നു. കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് 444 കി.മീ. ദൂരം ഭൂമിക്ക ടിയിലൂടെ പൈപ്പ് വഴി വാതകം കൊണ്ടുപോകുന്ന പദ്ധതി ആഗസ്റ്റ് 31നകം പൂർത്തിയാകുമെന് ന് അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയുള്ള ഭാഗത്ത് വാതകവിതരണം തുടങ്ങി. കൂറ്റനാട് മുതൽ വാളയാർ വരെയുള്ള 94 കി.മീ. ദൂരം പൈപ്പിടൽ പുരോഗമിക്കുകയാണ്. ഇവിടെ നിന്ന് തമിഴ്നാട് വഴി ബംഗളൂരുവിലേക്കും വാതകലൈൻ കടന്നുപോകുന്നുണ്ട്.
സമരങ്ങൾ ഏറെ നടന്ന മലപ്പുറം ജില്ലയിൽ കോഡൂർ വരെ 35 കി.മീ. ദൂരം പൈപ്പ് ലൈനിൽ വെള്ളം നിറച്ച് പരീക്ഷണം നടത്തിവരുകയാണ്. അരീക്കോട് പൂക്കോട്ടുചോലയിൽ പാറക്കെട്ടുള്ള ഭാഗത്തും പുൽപറ്റ കാരാപറമ്പ് കനാലിനടിയിലുമാണ് പൈപ്പിടാൻ ബാക്കിയുള്ളത്.
കോഴിക്കോട് ഇരുവഴിഞ്ഞി, ചാലിയാർ, കാസർകോട് ചന്ദ്രഗിരി, മംഗലാപുരം നേത്രാവതി നദികൾക്കടിയിലൂടെയും പൈപ്പിടൽ ബാക്കിയുണ്ടെന്ന് ഗെയിൽ ഡി.ജി.എം ടോണി മാത്യു അറിയിച്ചു. ഇതുകൂടി പൂർത്തിയായാൽ വൈകാതെ വിതരണം തുടങ്ങും. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പൈപ്പ് ലൈൻ തിരിയുന്ന കൂറ്റനാട്ടാണ് പ്രധാന സ്റ്റേഷനുള്ളത്. വിവിധ ജില്ലകളിൽ വാൾവ് സ്റ്റേഷനുകളുമുണ്ട്.
മലപ്പുറം ജില്ലയിൽ മുറിച്ചുമാറ്റിയ മരങ്ങൾക്കും വിളകൾക്കുമായി 40 കോടിയിലധികം രൂപ ഇതിനകം നഷ്ടപരിഹാരമായി വിതരണം ചെയ്തു. അതേസമയം, പൈപ്പിടാനായി ഏറ്റെടുത്ത ഭൂമിക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. പൈപ്പിട്ടതിന് സർവേ പൂർത്തിയായാൽ മാത്രമേ ഇത് ലഭിക്കൂ. പൈപ്പ് ലൈനിലൂടെ വാതകം കടത്തിവിടുന്നതോടെ കുറഞ്ഞ ചെലവിൽ പൈപ്പ് വഴി പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും തുടക്കമാകും. എറണാകുളം ജില്ലയിൽ ഇത് നടപ്പാക്കിത്തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്.