സ്കൂട്ടറിനുള്ളിൽ മൂർഖൻ; യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
text_fieldsതുതിയൂരിൽ സ്കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം
കാക്കനാട്: ഹെൽമറ്റ് എടുക്കാൻ ഡിക്കി തുറന്നപ്പോൾ എന്തോ അനക്കവും തിളക്കവും.ട് മെക്കാനിക് വന്ന് വണ്ടി അഴിച്ചപ്പോൾ കണ്ടത് പത്തി വിടർത്തിയാടുന്ന മൂർഖൻ പാമ്പിനെ. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാക്കനാട് തുതിയൂരിലാണ് സംഭവം.
ആനമുക്ക് ഗ്രന്ഥശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന അശോകെൻറ ഹോണ്ട ആക്ടീവയിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച രാവിലെ പുറത്തേക്ക് പോകാൻ ഹെൽമറ്റ് എടുത്തപ്പോഴായിരുന്നു എന്തോ അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. പെട്ടെന്ന് ഡിക്കി അടച്ച അശോകനോട് സമീപത്തുണ്ടായിരുന്ന ആൾ പാമ്പാണെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് നാട്ടുകാർ കൂടി പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് സൂരജ് എന്ന ഇരുചക്രവാഹന മെക്കാനിക്കിനെ വിളിച്ച് വരുത്തി വാഹനം അഴിച്ച് എൻജിനോട് ചേർന്ന് ചുരുണ്ട് കിടന്നിരുന്ന ഒരു മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. രാത്രി വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പാമ്പ് കയറിയതാകാമെന്നാണ് നിഗമനം.

