Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആ വാദം തെറ്റ്, 1999ൽ...

‘ആ വാദം തെറ്റ്, 1999ൽ തന്നെ അഞ്ചുകിലോ സ്വർണം പൊതിഞ്ഞിരുന്നു,’ ദ്വാരപാലക ശിൽപ വിവാദത്തിൽ നിർണായക​ വെളിപ്പെടുത്തലുമായി വിദഗ്ധൻ

text_fields
bookmark_border
Coated 5 kg gold on those sculptures in 1999, big revelation by expert
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ദൻ. 1999ൽ തന്നെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ വെളിപ്പെടുത്തി.

അഞ്ച് കിലോയോളം സ്വർണം ഇതിനായി ഉപയോഗിച്ചിരുന്നു. ഉയർന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റ് സ്വർണമാണ് ഉപയോഗിച്ചത്. 30 കിലോയിൽ അധികം സ്വർണ്ണമാണ് സന്നിധാനം സ്വർണ്ണം പൊതിയാൻ യുബി ഗ്രൂപ്പ് അനുവദിച്ചതെന്നും സെന്തിൽ നാഥൻ പറഞ്ഞു. 1999 ൽ വിജയ് മല്യ നടത്തിയ സ്വർണം പൂശൽ യു.ബി ഗ്രൂപ്പിനായി പരിശോധിച്ചത് തമിഴ്നാട് സ്വദേശിയായ എറണാകുളത്ത് താമസിക്കുന്ന സെന്തിൽ നാഥനാണ്.

ശബരിമലയിലെ സ്വർണപ്പാളി സ്വർണം പൂശിയ ചെമ്പുപാളിയാണെന്നും അതിൽ അര കിലോഗ്രാമിൽ താഴെ മാത്രമാണ് സ്വർണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലെത്തുന്നത്.

ഒരു പവനെന്ന് പറയുന്നത് എട്ട് ഗ്രാമാണ്. ഒരു കിലോ എന്ന് പറയുന്നത് 125 പവനും. നിലവിൽ 38 കിലോയുള്ള പാളിയിൽ 397 ഗ്രാമാണ് സ്വർണമുള്ളത്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവൻ കൂടി കൂട്ടിയാലും 55 പവന് മുകളിൽ വരില്ലെന്നും നാല് കിലോ സ്വർണം അടിച്ചുകൊണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണെന്നുമായിരുന്നു പി.എസ്. പ്രശാന്തിന്റെ വാക്കുകൾ.

വിവാദത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ച പി.എസ്. പ്രശാന്ത് ശരിവെച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൊടുത്തുവിടരുതായിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ‌ർക്ക് വീഴ്‌ച സംഭവിച്ചു. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് വിവാദത്തിന് പിന്നിൽ. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബോർഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട, 1999 മുതൽ 2025 വരെയുള്ള എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആര് എന്ത് കട്ടാലും പിടികൂടുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി. ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ല. മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണം. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇതിലടക്കം അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ സർക്കാ​രിനെ കടന്നാക്രമിക്കുന്നതായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിവാദത്തിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം കള്ളനെ തന്നെ കേസ് ഏൽപ്പിക്കുന്നത് പോലെയാ​ണെന്ന്​ ചെന്നിത്തല പറഞ്ഞു. അയ്യപ്പ സന്നിധിയില്‍ ഇത്രയും വെട്ടിപ്പ് നടത്തിയിട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണം കൊണ്ട് ഇതൊന്നും പുറത്തുവരാന്‍ പോകുന്നില്ല. ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay MallyaSabarimala Gold Missing Row
News Summary - Coated 5 kg gold on those sculptures in 1999, big revelation by expert
Next Story