തീരദേശ ഹർത്താൽ പൂർണം; അതിജീവനത്തിനായി പോരാടുമെന്ന് മത്സ്യത്തൊഴിലാളികൾ
text_fieldsകടൽ ഖനനത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന തീരദേശ ഹർത്താലിനെ തുടർന്ന് കൊല്ലം പോർട്ട് കടപ്പുറത്ത് കരയിൽ കെട്ടിയിട്ടിരിക്കുന്ന ചെറുവള്ളങ്ങൾ
കൊല്ലം: കടൽ മണൽ ഖനന പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന മുദ്രാവാക്യവുമായി ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 24 മണിക്കൂർ ഹർത്താലിൽ സംസ്ഥാനത്തെ തീരമേഖല നിശ്ചലമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഹർത്താൽ പൂർണമായിരുന്നെന്ന് സംഘാടകർ അറിയിച്ചു. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട 20ഓളം സംഘടനകൾ ചേർന്ന ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റിക്കൊപ്പം രാഷ്ട്രീയ-ബഹുജന-ട്രേഡ് യൂനിയൻ സംഘടനകളും ഐക്യപ്പെട്ട് നടത്തിയ സമരത്തിൽ കടൽ മണൽ ഖനനത്തോടുള്ള പ്രതിഷേധം അലയടിച്ചു.
ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ പരമ്പരാഗത മേഖലയിലെയും ബോട്ടുകളിലെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിൽനിന്ന് വിട്ടുനിന്നു. ഫിഷിങ് ഹാർബറുകളും മാർക്കറ്റുകളും പ്രവർത്തിച്ചില്ല. തീരദേശത്തെ മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സംസ്ഥാനത്ത് 125ഓളം കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടി.എൻ. പ്രതാപൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ചാൾസ് ജോർജ്, ജാക്സൺ പൊള്ളയിൽ, പീറ്റർ മത്യാസ് ഉൾപ്പെടെ നേതാക്കൾ വിവിധ ജില്ലകളിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
ആദ്യം ഖനനം നടത്താൻ സർക്കാർ ലക്ഷ്യമിടുന്ന കൊല്ലത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ശക്തികുളങ്ങരയും നീണ്ടകരയും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റിയും വൈകീട്ട് കൊല്ലം ലത്തീൻ രൂപതയും നടത്തിയ പ്രതിഷേധങ്ങളിൽ പദ്ധതിക്കെതിരായ രോഷം നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

