ജനങ്ങളുടെ അടുത്ത വോട്ട് മോദിയുടെ നെഞ്ചത്ത് -വി.എസ്
text_fieldsതിരുവനന്തപുരം: നോട്ട് പിൻവലിച്ചത് മോദിയുടെ ഭ്രാന്തൻ തീരുമാനമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും വി.എസ് തുറന്നടിച്ചു. സഹകരണ ബാങ്കിങ് മേഖലയെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിലാണ് അച്യുതാനന്ദൻ മോദിക്കെതിരെയും കേന്ദ്ര സർക്കാറിനെതിരെയും ആഞ്ഞടിച്ചത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന സമരം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സമരമാണ്. സഹകരണ മേഖലയെ തകർക്കാനുള്ള മോദിയുടെ ഭ്രാന്തൻ തീരുമാനത്തിനെതിരെയാണ് സമരം. സഹകരണ മേഖല തകർന്നാൽ അത് കേരളത്തിലെ ജനങ്ങളെ ബാധിക്കും. ഇതിനെതിരെ പ്രതിഷേധം ശക്തമാവാൻ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. എന്നിട്ടും മോദിക്ക് ഒരു കുലുക്കമില്ല. എന്നാൽ ഭ്രാന്തൻ തീരുമാനവുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ല. കേരളത്തിന്‍റെ പൊതു വികാരം കണക്കിലെടുത്ത് തീരുമാനം പിൻവലിക്കണം. നോട്ട് പിൻവലിക്കുന്നത് ചർച്ച ചെയ്യുമ്പോൾ പാർലമെന്‍റിൽ വരാൻ പോലുമുള്ള മര്യാദ മോദി കാണിക്കുന്നില്ല. രാജ്യഭരണം ഹാസ്യ കലാപരിപാടിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നുവെന്നും വി.എസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
