Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ബാങ്കിനകത്ത് ഉയിരു...

'ബാങ്കിനകത്ത് ഉയിരു പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് !'

text_fields
bookmark_border
ബാങ്കിനകത്ത് ഉയിരു പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് !
cancel

ജോലിചെയ്യുന്ന ബാങ്കിനകത്ത്​ ജീവനൊടുക്കിയ ആ 38കാരി തന്നെയാണ്​ ഇപ്പോഴും സജീവ ചർച്ചാ വിഷയം. ചെറുപ്രായത്തിൽ തന്നെ ഒരുബ്രാഞ്ച്​ മാനേജറായ സ്വപ്​നയെന്ന തൃശൂർകാരി ഒരുപാട്​ സ്വപ്​നങ്ങൾ ബാക്കി നിർത്തിയാണ്​ സ്വന്തം ജോലിസ്​ഥലത്ത്​ ഒരു ഷാൾ തുമ്പിൽ ജീവിതം അവസാനിപ്പിച്ചത്​.

ഉള്ളുലക്കുന്ന ആ മരണത്തിന്‍റെ പശ്​ചാത്തലത്തിൽ ബാങ്കിങ്​ മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്‍റെ ആഴം വരച്ചിടുകയാണ്​ ബെഫി വനിതാ കമ്മിറ്റി മുൻ സംസ്ഥാന കൺവീനർ സി.എൻ. പാർവതി. ചങ്കിടിപ്പോടെയല്ലാതെ ഈ കുറിപ്പ്​ വായിച്ചു തീർക്കാനാകില്ല.

പാർവതി എഴുതുന്നു:


ഇത് നടുക്കുന്ന വാർത്തയാണ്.

മൂന്നു വ്യാഴവട്ടത്തിലേറെ ഞാൻ ജോലി ചെയ്ത കനറാ ബാങ്കിൽ, ഈ കേരളത്തിൽ, ബാങ്കിനകത്ത് വെച്ച്, എന്റെ മകളുടെ പ്രായമുള്ള ഒരു പെൺകുട്ടി ജീവിതത്തിന് പൂർണ വിരാമമിട്ട് കടന്നുപോയിരിക്കുന്നു.

കാരണങ്ങൾ അറിവായിട്ടില്ല. പക്ഷേ, ആ തൂങ്ങിക്കിടക്കുന്ന ഷാൾ എന്റെ മുന്നിൽ നിരവധി കാരണങ്ങൾ നിരത്തുകയാണ്. പിടഞ്ഞു തീർന്ന ചലനങ്ങൾക്കു മുമ്പ്, ആ പാവം പെൺകുട്ടി കടന്നുപോയ സംഘർഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്.

ബാങ്കിംഗ് മേഖല അപകട മേഖലയാകുകയാണ് എന്ന സത്യം ഇന്നോ ഇന്നലെയോ അല്ല പറഞ്ഞു തുടങ്ങിയത്. പുത്തൻ വാണിജ്യ തന്ത്രങ്ങൾ മിനയുന്ന ബാങ്കുകൾ അതിനകത്ത് എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. അവർ മനുഷ്യരാണെന്ന ചിന്തയുമില്ല.

ലാഭം, ലാഭം, ആർക്കോ വേണ്ടി പിന്നെയും പിന്നെയും ലാഭം; ടാർഗററ്, ടാർഗററ്, എന്തിനുമേതിനും ടാർഗറ്റ്. ഞാനും നിങ്ങളും പഠിച്ച, ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി, കരാള നൃത്തം തുടരുകയാണ് ശാഖകൾ.

നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കിക്കൊണ്ടാണ് ഈ മേഖലയിലേക്ക്, കൊച്ചു പെൺകുട്ടികൾ പ്രൊബേഷണറി ഓഫീസർമാരായി വരുന്നത്. ഈയടുത്തകാലത്ത് പുതിയ ഓഫീസർമാരായി വന്നതിലേറെയും പെൺകുട്ടികളുമാണ്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലി സ്ഥലം, കൈനിറയെ എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പം, ഓഫീസർ മാനേജർ എന്നൊക്കെയുള്ള മധ്യവർഗ, അരാഷ്ട്രീയ മസ്തിഷ്ക്കങ്ങളിൽ നിറയുന്ന അധികാരമുദ്രകൾ; പെൺകുട്ടികളെ ആകർഷിക്കാനിതൊക്കെത്തന്നെ ധാരാളം !

ഇതിനകത്ത് വന്ന് പെട്ടു പോകുമ്പഴാണ് ഇത് എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങൾ ആക്രമിച്ചേക്കാവുന്ന വനപാതയാണെന്നറിയുന്നത്. അവരിലേൽപിക്കുന്ന അനന്തമായ ജോലി ഭാരങ്ങളിൽ നിന്നൂരി പ്പോകാനാകാതെ കുഴഞ്ഞു പോകുകയാണ് പിന്നീടവർ. അതിജീവിക്കാനാകാതെ അനുദിനമവർ പിടഞ്ഞു തീരുകയാണ്.

നിങ്ങളും ഞാനുമൊക്കെ പഠിച്ചിറങ്ങിയ, അതിസാധാരണമായ, നിരന്തരം സംവാദങ്ങളും ചിലപ്പോഴൊക്കെ സംഘട്ടനങ്ങളും സർവ്വസാധാരണമായ, രാഷ്ട്രീയവും കലാപവും പ്രണയവും സൗഹൃദവും ചർച്ചകളും വിയോജിപ്പുകളും കലയും സംഗീതവും സാഹിത്യവുമൊക്കെ ഇഴപിരിയാനാകാതെ ചേർന്നു കിടക്കുന്ന, കാഫ്കയും കമ്മുവും ബ്രെഹ്റ്റും പാവ്‌ലോ നെരൂദയും ചുള്ളിക്കാടും കടമ്മനിട്ടയും ചുവപ്പിലും കറുപ്പിലും തൂണിലും ചുമരുകളിലും നിറഞ്ഞു കിടക്കുന്ന കലാലയ ചുറ്റുപാടുകളിൽ നിന്ന് വരുന്നവരുമല്ല ഇവരൊന്നും.

വളരുന്നത്, പഠിക്കുന്നത് ഒക്കെ അരാഷ്ടീയ ചുറ്റുപാടുകളിൽ; പ്രതികരിക്കാനാകാതെ പോകുന്നത് സ്വാഭാവികം!

പറ്റില്ല, കഴിയില്ല എന്ന് പറയാൻ കെല്പു കുറഞ്ഞവരാണവർ. ഒന്നോ രണ്ടോ പേർ തയ്യാറായാൽ തന്നെ അവരൊറ്റപ്പെടുകയാണ്.

ഒരു കാര്യം പറയാതെ വയ്യ!

ചേർത്തുപിടിക്കേണ്ട, ആത്മവിശ്വാസം പകരേണ്ട , സംഘടന പോലും ഇവർക്കന്യമാവുകയാണ്.

മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയിൽ അംഗമാകുന്നു എന്നതിനപ്പുറത്ത് എന്ത് വർഗ ബോധമാണ് ഇവരിൽ ഊട്ടിയുറപ്പിക്കപ്പെടുന്നത്? അങ്ങനെയൊരു ശ്രമമെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്ന്,എനിക്ക് തോന്നിയിട്ടില്ല പക്ഷെ!

നിർത്തുകയാണ്.

പക്ഷെ ഇതങ്ങനെ ഒറ്റപ്പെട്ട, നിസ്സാരമായ ഒരു അന്ത്യമായി കാണാൻ അനുവദിച്ചു കൂടാ. ഇത് ഒരു കുരുതി കൊടുക്കലാണ്. നിസ്സഹായരായ, നിശ്ശബ്ദരായ പെൺകുട്ടികളെ വാറോലകളിലും സിംഹഗർജ്ജനങ്ങളിലും ഭയപ്പെടുത്തി വരുതിക്ക് നിർത്താമെന്ന ബാങ്ക് മാനേജ്മെന്റുകളുടെ ധാർഷ്ട്യത്തിന് മുന്നിൽ കണക്കു ചോദിച്ചേ മതിയാകൂ. അതിന് ആ സംഘടന തയ്യാറായേ മതിയാകൂ.

ബാങ്കിനകത്ത്, ഉലഞ്ഞാടി നിൽക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് !

അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങൾ ഉയരണം, ഉയർത്തണം !

ധ്വംസനങ്ങളും ധാർഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ,

നിന്നെ നിർബന്ധയാക്കിയ വേർപാടിൽ, കണ്ണീരോടെ അഞ്ജലികൾ തീർക്കട്ടെ!

പാർവതി CN

(BEFI സംസ്ഥാന വനിതാ കമ്മിറ്റി മുൻ കൺവീനർ)

പാലക്കാട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecanara bankBank employeebefiswapna deathcn parvathi
News Summary - CN Parvathy on Swapna's death
Next Story