രോഗലക്ഷണങ്ങളോടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ; പങ്കെടുത്തത് ആയിരങ്ങൾ
text_fieldsകണ്ണൂർ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നുെവന്ന് ആക്ഷേപമുയർന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ധർമടം റോഡ് ഷോയിൽ പങ്കെടുത്തത് ആയിരങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ െകാട്ടിക്കലാശ ദിവസം ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രി സിനിമ നടന്മാരായ ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരെയടക്കം അണിനിരത്തി സ്വന്തം മണ്ഡലത്തിൽ റോഡ് ഷോ നടത്തിയത്. ഉച്ചക്ക് 2.30 ന് തുടങ്ങി വൈകീട്ട് 6.30 വരെ നീണ്ട ഷോയിൽ നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. എല്ലായിടത്തും വൻതോതിൽ ജനം തടിച്ചുകൂടുകയും ചെയ്തു. അവരുമായൊക്കെ മുഖ്യമന്ത്രി ഇടപെടുകയും ചെയ്തു. റോഡ് ഷോ നടന്ന ദിവസം മുഖ്യമന്ത്രിക്ക് ജലദോഷം ഉൾപ്പെടെ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുെവന്നാണ് ചികിത്സ നൽകിയ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വെളിപ്പെടുത്തിയത്. കോവിഡ് മാർഗരേഖ പ്രകാരമുള്ള 10 ദിന കാലാവധിക്ക് മുമ്പ് മുഖ്യമന്ത്രിയെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി ഡിസ്ചാർജ് ചെയ്തത് ന്യായീകരിക്കുന്നതിന് വേണ്ടിയാണ് പ്രിൻസിപ്പൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, കോവിഡ് ലക്ഷണങ്ങളുമായി ജനമധ്യത്തിലേക്ക് ഇറങ്ങിയെന്ന ഗുരുതര ആക്ഷേപത്തിന് മറുപടി പറയേണ്ട പ്രതിസന്ധിയിലാണ് പ്രിൻസിപ്പലിെൻറ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെ എത്തിച്ചത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തുവന്നുവെങ്കിലും രോഗലക്ഷണങ്ങളുമായി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയെന്ന ആക്ഷേപത്തിന് വ്യക്തമായ മറുപടി നൽകാനായില്ല. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏപ്രിൽ ആറിനാണ്. എന്നാൽ, രണ്ടുദിവസമായി രോഗ ലക്ഷണങ്ങളുമായി മകൾ വീട്ടിലുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി റോഡ് ഷോക്ക് വേണ്ടി ഇറങ്ങിയത്. രോഗികളുമായി സമ്പർക്കം സംശയിക്കുന്നവർ ക്വാറൻറീനിൽ പോകണമെന്ന മാർഗനിർദേശവും മുഖ്യമന്ത്രി ലംഘിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നത്. അതേസമയം, റോഡ് ഷോയിൽ മുഴുവൻ സമയവും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മുതിർന്ന സി.പി.എം നേതാവ് സി.എൻ. ചന്ദ്രെൻറ കോവിഡ് പരിശോധന നെഗറ്റിവ് ആണ്.
വെട്ടിലായി സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോേട്ടാകോൾ ലംഘന വിവാദത്തിൽ ഉൾപ്പെട്ടതോടെ കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ വെട്ടിലായി സർക്കാർ. കോവിഡ് പടരുന്നതിനെതിരെ മുൻകരുതൽ നടപടികൾ നിർബന്ധമായി പാലിക്കണമെന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പിണറായി വിജയൻ തന്നെ മാർഗരേഖ ലംഘിച്ചെന്ന ആക്ഷേപം പ്രതിപക്ഷം ഏറ്റെടുത്തതോടെ കൃത്യമായ വിശദീകരണം നൽകാനാകാതെ സർക്കാറും വിഷമിക്കുകയാണ്.
ഗവർണർക്ക് പരാതി നൽകി
മഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടവണ്ടി ഗവർണർക്ക് പരാതി നൽകി. നടപടിക്ക് ശിപാർശ നൽകണമെന്നാവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. ഈ മാസം എട്ടിന് കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റിവായത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നാണ് ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.