‘പോറ്റിയെ കേറ്റിയേ..’ പരാതി നൽകിയ സംഘടനയുടെ അംഗീകാരം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി
text_fieldsകോട്ടയം: ‘പോറ്റിയെ കേറ്റിയേ..’ എന്ന പാട്ടിനെതിരെ പരാതി നൽകിയ സമിതിയുടെ അംഗീകാരം പരിശോധിക്കാൻ നിർദ്ദേശം. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളിൽ വിദ്വേഷം വളർത്തുന്ന രീതിയിലും പാരഡിപ്പാട്ട് നിർമിച്ച് പ്രചരിപ്പിച്ചു എന്നുകാട്ടി പരാതി നൽകിയ പ്രസാദ് കുഴിക്കാല ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ ഔദ്യോഗിക അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇതു സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് രജിസ്ട്രേഷൻ ഐ.ജിക്ക് അന്വേഷണത്തിനായി കൈമാറി.
‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് അയ്യപ്പഭക്തിഗാനത്തെയും ശരണ മന്ത്രത്തെയും അപമാനിച്ചെന്നും മതസൗഹാർദ്ദം ഇല്ലാതാക്കും വിധത്തിൽ സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറിയായ സമിതിയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസ് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമ്മാതാവ് പന്തല്ലൂർ സുബൈർ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പരാതിക്കാരന്റെ നിലപാട് സമിതിക്ക് ഇല്ലെന്നു കാണിച്ച് ഇതേ പേരിലുള്ള മറ്റൊരു സമിതിയും രംഗത്ത് വന്നിരുന്നു. കേരള രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിന്റെ മാനദണ്ഡപ്രകാരം ഒരേ പേരിൽ രണ്ട് സമിതികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. ഇതോടെയാണ് പ്രസാദ് കുഴിക്കാലയുടെ സമിതി അംഗീകാരമുള്ള സംഘടനയാണോയെന്ന് സംശയം ഉണ്ടായത്.
അതിനാൽ പ്രസാദ് ജനറൽ സെക്രെട്ടറിയെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ അംഗീകാരവും രജിസ്ട്രേഷൻ നടപടികളും ഔദ്യോഗികമാണോയെന്ന് ഉറപ്പാക്കാൻ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

