സി.എം.ആർ.എൽ ക്രമക്കേട്: ശശിധരൻ കർത്തയുടെ മകളെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: സി.എം.ആർ.എൽ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്തയെ ഇ.ഡി ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി. പണമിടപാടുകളുമായി ബന്ധപ്പെട്ട കണക്കുകൾ സൂക്ഷിക്കുന്നതിലും നടപടി ക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചകളുണ്ടെന്ന അനുമാനത്തിലാണ് ഷിബിയെ ചോദ്യം ചെയ്യുന്നതെന്നറിയുന്നു.
സി.എം.ആർ.എൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മേയ് 27ന് ഇ.ഡി നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ശശിധരൻ കർത്തയുടെ മകളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിയ ഷിബിയെ അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ എന്നിവരാണ് മറ്റ് ഡയറക്ടർമാർ. ഇവരെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
സി.എം.ആർ.എല്ലിന്റെ അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളും കൊണ്ടുപോകുന്നതിന് വാഹനങ്ങൾ നൽകിയിരുന്നത് നിപുണയാണ്. മേയ് 27ന് കളമശ്ശേരിയിലെ നിപുണയുടെ ഓഫീസിലും അനിൽ ആനന്ദ പണിക്കരുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇ.ഡി സമയം നീട്ടി നൽകിയിരുന്നു. ബുധനാഴ്ച ഹാജരാകാനാണ് വീണക്കുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

