സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട് മുഖ്യമന്ത്രിയുടെ വാദങ്ങൾ അവ്യക്തവും ദുർബലവുമെന്ന് ഹരജിക്കാരൻ
text_fieldsകൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്ന എതിർവാദങ്ങൾ അവ്യക്തവും വസ്തുതകൾ വളച്ചൊടിക്കുന്നതും ദുർബലവുമാണെന്ന് ഹരജിക്കാരൻ. 15ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്ന് ഇൻകംടാക്സ് സെറ്റിൽമെന്റ് ബോർഡ് (ഐ.ടി.എസ്.ബി) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അങ്ങനെയല്ലെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാറിന് ഉത്തരവാദിത്തമില്ലെങ്കിലും അഴിമതിയുടെ കാര്യത്തിൽ വിശദീകരണം നൽകാൻ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതുതാൽപര്യമോ അഴിമതിയോ പോലുള്ള ആരോപണങ്ങളിൽ സംസ്ഥാന സർക്കാറിന്റെ അനുവാദമില്ലാതെ തന്നെ ഹൈകോടതിക്ക് സി.ബി.ഐ അന്വേഷണം നിർദേശിക്കാമെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. അതിനാൽ, ഹൈകോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ഹരജിക്കാരനായ എം.ആർ. അജയന്റെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

