ചൂര മീനിലെ വിര: ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്നവ ഭക്ഷ്യയോഗ്യം
text_fieldsകൊച്ചി: ബ്രസീലിലെ ചൂര മീനിൽ വ്യാപകമായി വിരകൾ കണ്ടെത്തിയെന്ന വാർത്തകളിൽ ആശങ്ക വേണ്ടെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മീനുകൾ പൂർണമായും സുരക്ഷിതമാണെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യൻ തീരങ്ങളിൽ ലഭ്യമാകുന്ന ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ട്. എന്നാൽ, മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള പരാദജീവികളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഓരോ പ്രദേശത്തെയും കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റു ജീവികളുടെ സാന്നിധ്യവുമാണ് മത്സ്യങ്ങളിലെ പരാദങ്ങളുടെ സാന്നിധ്യം നിർണയിക്കുന്നത്. എന്നാൽ, ഇന്ത്യൻ സമുദ്ര മേഖലയിൽ അത്തരത്തിലുള്ള ഭീഷണികൾ നിലവിലില്ല.
മത്സ്യങ്ങൾ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കി, കുടലും ആന്തരിക അവയവങ്ങളും ഒഴിവാക്കി വേവിച്ചു കഴിക്കുന്നതിനാൽ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും സി.എം.എഫ്.ആർ.ഐ അധികൃതർ വ്യക്തമാക്കി.
ചൂര മീനുകളില്‍ 96 ശതമാനത്തിലും വിരകളുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്നും പിടിച്ച ‘സ്കിപ്ജാക്’ ചൂരകളെ പരിശോധിച്ചതില്‍ നിന്നാണ് വ്യാപകമായി വിരകളെ കണ്ടെത്തിയത്. ‘ഓഷന്‍സ് ആൻഡ് കോസ്റ്റല്‍ റിസര്‍ച്ച്’, ‘സയന്‍സ് അലർട്ട്’ മാസികകളിൽ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
53 ചൂരകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 1,600 വിരകളെയാണ് കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളില്‍ നിന്നും വിരകളെ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. പാകം ചെയ്യുമ്പോള്‍ ഇവയില്‍ ഭൂരിഭാഗവും നശിച്ചു പോകുന്നുണ്ടെങ്കിലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത് എന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

