പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തീരുമാനിക്കും; പാർട്ടിക്ക് നിർദേശമില്ലെന്ന് ഗോവിന്ദന്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് കെ.കെ. രാഗേഷിന് പകരം പാര്‍ട്ടി പേര് നിർദേശിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ‘പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കും. മുഖ്യമന്ത്രിയുടേതാണല്ലോ പ്രൈവറ്റ് സെക്രട്ടറി. ഉദ്യോഗസ്ഥനെ വേണോ മറ്റാളുകൾ വേണോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാർത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ സാഹചര്യത്തിലാണ് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ച ചർച്ചകളുയർന്നത്. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാര്‍ട്ടിയാണ് നിശ്ചയിച്ചിരുന്നത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ അടക്കം പേഴ്സനല്‍ സ്റ്റാഫിനെയും പാര്‍ട്ടിയാണ് നിശ്ചയിക്കുക. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എതിര്‍പ്പവഗണിച്ച് സി.പി. നാരായണനെ പാര്‍ട്ടി പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയിരുന്നു. എന്നാൽ പിണറായി വിജയന്റെ കാര്യത്തിൽ കീഴ്വഴക്കങ്ങളും തീരുമാനങ്ങളുമെല്ലാം മാറുന്നുവെന്ന സൂചനയാണ് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന എം.വി. ജയരാജൻ, മുൻ ചീഫ് സെക്രട്ടറി കെ. വേണു എന്നിവരുടെയടക്കം പേരുകൾ കേൾക്കുന്നുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വരാൻ സാധ്യത വിരളമാണെന്നതാണ് ജയരാജന് തടസ്സം. നിർണായകമായ രാഷ്ട്രീയ പരിതസ്ഥിതിയിൽ സിവിൽ സർവിസുകാർക്ക് പകരം രാഷ്ട്രീയ പശ്ചാത്തലമുള്ളയാൾ തന്നെ വരണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

