മോദിയും അമിത് ഷായും പറയുന്ന എവിടെയും കുനിഞ്ഞ് നിന്ന് മുഖ്യമന്ത്രി ഒപ്പിടും- വി.ഡി സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ സമരത്തിൽ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി രക്തസാക്ഷി മണ്ഡപത്തിൽ ഇരിക്കുന്നതിനെക്കാൾ വലിയ തമാശയില്ലെന്ന് വി.ഡി സതീശൻ പരിഹസിച്ചു. ഡൽഹിയിൽ പോയി 90 ഡിഗ്രിയിൽ കുനിഞ്ഞു നിന്ന് മോദിയും അമിത്ഷായും പറയുന്ന എവിടെയും മുഖ്യമന്ത്രി ഒപ്പിടുമെന്നും സതീശൻ വിമർശിച്ചു.
ഈ സർക്കാറുമായി യോജിച്ച് ഒരു സമരത്തിനും ഞങ്ങളില്ല. മോദിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയും ഭരണകൂടവുമാണ് ഉള്ളത്. അവർ പുറത്ത് സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും അകത്തുപോയി മോദിയും അമിത് ഷായും പറയുന്ന പേപ്പറിൽ ഒപ്പുവെച്ചു കൊടുക്കുകയും ചെയ്യും. ഇവരുടെ കൂടെ കൂടിയാൽ ഞങ്ങളും നാണംകെടും. ഭൂരിപക്ഷ വർഗീയതയെ ബി.ജെ.പിയുടെ പോലെത്തന്നെ പ്രോത്സാഹിപ്പിക്കുകയാണ് സി.പി.എമ്മും. വെള്ളാപ്പള്ളി നടേശനെ കൊണ്ട് വിദ്വേഷ പ്രസ്താവനകൾ നടത്തിച്ചത് പിണറായി വിജയനാണ്. എ.കെ ബാലൻ നടത്തിയ പ്രസ്താവനകൾ കേട്ടപ്പോൾ അത് മനസിലായി. സംഘപരിവാറും ബി.ജെ.പിയും നടത്തുന്ന അതേ രീതിയിലുള്ള ഭൂരിപക്ഷ പ്രീണനമാണ് സി.പി.എമ്മും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
രാഷ്ട്രീയമായ അവിശുദ്ധ ബാന്ധവം മറച്ചുപിടിക്കുന്നതിനാണ് സമരം നടക്കുന്നത്. ഈ സമരത്തിൽ ഞങ്ങൾ പങ്കുചേരില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. ആർ.എസ്.എസുകാരന്‍റെ വോട്ട് വാങ്ങി ആ മുന്നണിയിൽ ജയിച്ച് വന്നയാളാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവം കേന്ദ്രം തടസമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസർക്കാർ അവകാശങ്ങൾ പിടിച്ചുപറിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങേണ്ടി വന്നത്. കേന്ദ്രം പക പോക്കുമ്പോഴും കേരളത്തിലെ ബി.ജെ.പി അതിന്‍റെ കൂടെ നിൽക്കുന്നു. കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ യു.ഡി.എഫ് തയാറല്ല, എൽ.ഡി.എഫ് ഭരണ കാലത്ത് നാട് മുന്നോട്ട് പോകാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് യു.ഡി.എഫിനെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രസർക്കാർ അവഗണനക്കെതിരെയുള്ള സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന കേന്ദ്രസർക്കാരിനെതിരെ സത്യഗ്രഹ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണി വരെ സമരം നീണ്ടു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

