പട്ടികവർഗ കുടുംബത്തിലെ അംഗങ്ങളായി എസ്.ടി പ്രമോട്ടർമാർ മാറണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓരോ പട്ടികവർഗ കുടുംബത്തിലെയും അംഗങ്ങളായി എസ്.ടി പ്രമോട്ടർമാർ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ടി പ്രമോട്ടർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമതലപ്പെടുത്തിയ സ്ഥലത്ത് സർക്കാർ പ്രതിനിധിയായി ഇവർ പ്രവർത്തിക്കുമ്പോൾ പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനം ഉറപ്പു വരുത്താനാകും. പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ സവിശേഷമായ ഇടപെടൽ പ്രമോട്ടർമാർ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമോട്ടർ ചുമതല ജോലിയല്ല. സാമൂഹ്യസേവന പരിപാടിയാണ്. ആ നിലയ്ക്ക് മികച്ച പ്രതിബദ്ധതയോടെ പ്രമോട്ടർമാർ പ്രവർത്തിക്കണം. സർക്കാർ പട്ടിക വർഗക്കാർക്കായി നടപ്പാക്കുന്ന പ്രവൃത്തികൾ എല്ലാവരും അറിഞ്ഞിരിക്കില്ല. എന്നാൽ പ്രമോട്ടർമാർ ഈ വിവരങ്ങൾ എല്ലാ കുടുംബങ്ങളിലുമെത്തിക്കണം.
സാമൂഹ്യ സേവനത്തിൽ നിന്ന് സന്നദ്ധ പ്രവർത്തകരായി മാറുമ്പോൾ വിദ്യാഭ്യാസം ഒഴിവാക്കുന്നവരെ സ്കൂളുകളിലെത്തിക്കാനാകും. ചികിൽസ വേണ്ടവർക്ക് യഥാസമയം നൽകാനാകും. പ്രദേശത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങൾ കണ്ടറിയാൻ കഴിയും. ഇത്തരത്തിൽ ആദിവാസി സമൂഹത്തിന്റെ സമഗ്രപുരോഗതിക്ക് എല്ലാ മേഖലയിലും പ്രമോട്ടർമാർക്ക് ഇടപെടാൻ കഴിയുമെന്നും പിണറായി ചൂണ്ടിക്കാട്ടി.
മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതുതായി തെരത്തെടുക്കപ്പെട്ട 1232 പ്രമോട്ടർമാരിൽ അട്ടപ്പാടി, വയനാട് മേഖലകളിൽ നിന്നുള്ള 180 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. കില നേതൃത്വം നൽകുന്ന പരിശീലനത്തിൽ ചൊവ്വാഴ്ച മന്ത്രി കെ.രാധാകൃഷ്ണൻ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

