മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും; ഗൃഹപ്രവേശനം രാവിലെ ആറിന്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറിന് ലളിതമായ ചടങ്ങുകളോടെയാണ് ഗൃഹപ്രവേശം. സ്ഥാനമേറ്റെടുത്തതിന് ശേഷം പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി ഇത്രയും നാൾ താമസിച്ചിരുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും, കെട്ടിടത്തിൽ അടിയന്തരമായി നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ താമസം ഇത്രയും കാലം വൈകിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ദീർഘകാലമായി നടന്നുവന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചോർച്ചയും പെയിന്റിങും ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. പൂർണ്ണമായി തീരാത്ത ചില ചെറിയ പണികൾ കൂടി ബാക്കിയുണ്ടെങ്കിലും, ഔദ്യോഗിക വസതിയിലേക്ക് മാറാൻ തടസ്സമില്ലാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച താമസം മാറുന്നത്.
മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മാറുന്നതോടെ, അദ്ദേഹം നിലവിൽ താമസിക്കുന്ന കന്റോൺമെന്റ് ഹൗസ് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഔദ്യോഗിക വസതിയായി അനുവദിക്കപ്പെടും. മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ താമസിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി വിജയൻ നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കന്റോൺമെന്റ് ഹൗസ് ലഭിക്കാത്തത് തന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ മാറ്റത്തോടെ പ്രതിപക്ഷ നേതാവിന്റെ വസതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അവസാനമാകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലിഫ് ഹൗസിൽ അന്തിമ മിനുക്കുപണികൾ അതിവേഗം പുരോഗമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

