കൊച്ചി: പിണറായി വിജയനും സര്‍ക്കാറും അലനോടും താഹയോടും മക്കള്‍ ജയിലിലായതിെൻറ വേദന അനുഭവിച്ച കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
അലനും താഹയുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ട അന്നുമുതല്‍ യു.എ.പി.എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അവരുടെ വീട്ടില്‍നിന്നും ചില പുസ്തകങ്ങള്‍ കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്. അതിെനക്കള് വലിയ മാവോയിസ്റ്റ് ആശയങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ എെൻറ ലൈബ്രറിയിലുണ്ട്. അങ്ങനെയെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യണം.
മാപ്പില്‍ തീരുന്ന പ്രശ്നമല്ല. ഇത്രയും കാലം ജയിലില്‍ കിടന്നതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക. എത്രമാത്രം വേദനയാണ് ആ കുടുംബങ്ങള്‍ക്കുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെ പിണറായി സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി അനാവശ്യമായി ജയിലില്‍ അടക്കുകയായിരുന്നു. കൈയിലൊരു നിയമം കിട്ടിയാല്‍ മോദിെയക്കാള് വലിയ ഏകാധിപതിയായി മാറുമെന്നാണ് പിണറായി വിജയന് തെളിയിച്ചത്.
കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് പാര്‍ട്ടി സംവിധാനം പുനഃസംഘടിപ്പിച്ച് സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ്. അവരുടെ ആഗ്രഹം സഫലമാക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിലെ യാഥാര്‍ഥ്യമാണ്. എന്നാല്‍, ഗ്രൂപ് പാര്‍ട്ടിയെ വിഴുങ്ങാന്‍ സമ്മതിക്കില്ലെന്നത് താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ നിലപാടാണ്. അതുതന്നെയാണ് നേതൃത്വത്തിെൻറ നിലപാടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.