സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിക്കും, ആരും സ്വയം കുപ്പായം അണിയേണ്ട -പിണറായി
text_fieldsപത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടെന്നും കൃത്യസമയത്ത് പാർട്ടി നിശ്ചയിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടന്ന പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പരാമർശം.
സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ച് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.എല്‍.എമാര്‍ മണ്ഡലം ശ്രദ്ധിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മറ്റ് കാര്യങ്ങൾ പാർട്ടി നേതൃത്വം തീരുമാനിക്കും. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ഥികളാകും.
പാർട്ടി ചർച്ച ചെയ്ത് തീരുമാനത്തിലേക്ക് എത്തുമ്പോൾ മാറേണ്ട സ്ഥിതിയും ഉണ്ടായേക്കാം. എൽ.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണ്. ഭരണനേട്ടങ്ങൾ ഭവന സന്ദര്‍ശനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കണം. പൊതുസമൂഹത്തിന്റെ സംശയങ്ങൾക്ക് മറുപടി പറയാനും പാർട്ടിക്ക് നേരെയുള്ള ആക്ഷേപങ്ങൾ വിശദീകരിക്കാനുമുള്ള അവസരമാക്കി ഭവന സന്ദര്‍ശത്തെ മാറ്റണമെന്നും പിണറായി നിർദേശിച്ചു.
നേരത്തെ പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജെനീഷ് കുമാറും മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് പരോക്ഷമായി തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ചൊവാഴ്ച സി.പി.എം ജില്ല കമ്മിറ്റി യോഗവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

