പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാകാലത്തും അവർക്കൊപ്പം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, രൂക്ഷമായ കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിന്റെ കരുതൽ കേരളം നല്ല രീതിയിൽ അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോക കേരളസഭ സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴതു മാറിയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തിൽ പ്രവാസികളിൽനിന്ന് നിരവധി നിർദേശങ്ങളുണ്ടായി. പ്രവാസികൾക്ക് സഹായിക്കാനാകുന്ന മേഖലകൾ കണ്ടെത്തി നൽകാൻ സർക്കാറിനു കഴിയണം. സംസ്ഥാനവും സർക്കാറും എല്ലാകാലത്തും പ്രവാസികൾക്കൊപ്പം നിന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥക്കനുസരിച്ച് കേരളം നവീകരിക്കപ്പെടണം. അല്ലെങ്കിൽ പിന്തള്ളപ്പെടും. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നിയ കേരളത്തിനായാണ് പരിശ്രമിക്കുന്നത്. അതിന് പ്രവാസികളിൽനിന്നു സഹായമുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കഴിഞ്ഞ പത്തു വർഷംകൊണ്ട് വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ പ്രധാന ഭാഗങ്ങൾ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മാർച്ചാകുമ്പോൾ ഒരുഘട്ടം പൂർത്തിയാകും. ഇത് കേന്ദ്രം സംസ്ഥാനത്തിനു നൽകിയ ഉറപ്പാണ്. അതിനനുസരിച്ചുള്ള നടപടികൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും മനസ്സും ശരീരവും കേരളത്തോടൊപ്പമാണെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും വ്യവസായിയുമായ എം.എ. യൂസഫലി പറഞ്ഞു. നമ്മുടെ നാട്ടിൽ എന്തു പടുത്തുയർത്തിയാലും അതിൽ ഒരു വിദേശമലയാളിയുടെ സഹായമുണ്ടാകും. ഒരു ഘട്ടത്തിൽ ഇന്ത്യയെ സാമ്പത്തികപ്രശ്നം പിടികൂടിയപ്പോൾ രക്ഷിച്ചതിൽ പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

