സി.എം. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ രേഖാമൂലം അറിയിച്ചു.
മെഡിക്കൽ രേഖകളും ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യാനായി ഇ.ഡി വിളിച്ചതിെൻറ തൊട്ടുപിന്നാലെയാണ് സി.എം. രവീന്ദ്രന് കോവിഡ് ബാധിച്ചത്. കോവിഡ് ഭേദമായ ശേഷം അദ്ദേഹം വീട്ടിൽ വിശ്രമിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി വീണ്ടും നോട്ടീസ് നൽകിയത്. നോട്ടീസ് കിട്ടിയതിന് തൊട്ടുപിന്നാലെ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി െഎ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങളും രക്തത്തിലെ ഓക്സിജെൻറ അളവിലെ വ്യതിയാനവുമാണ് മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധ പരിശോധന തുടരുന്നതിനാൽ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് ഡോക്ടർമാർ നൽകിയ റിപ്പോർട്ട് ആരോഗ്യ വിദഗ്ധസമിതിയെക്കൊണ്ട് എൻഫോഴ്സ്മെൻറ് പരിശോധിച്ച് വരികയാണ്.
ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. കെ ഫോൺ അടക്കം പദ്ധതികളിൽ വഴിവിട്ട ഇടപെടലുണ്ടായി. ഐ.ടി പദ്ധതികളിൽ മലബാറിലെ കമ്പനിക്ക് വഴിവിട്ട സഹായം നൽകി. ശിവശങ്കെറ കാണാൻ സ്വപ്ന സെക്രേട്ടറിയറ്റിലെത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടെന്നും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ രവീന്ദ്രൻ പങ്കെടുത്തെന്നും ഇ.ഡി പറയുന്നു.