സി.എം. രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ
text_fieldsതിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നൽകി. വെള്ളിയാഴ്ച കൊച്ചി ഒാഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. അതിനിടെ, സി.എം. രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കാണ് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡാനന്തര ശാരീരിക അവശതയുള്ളതിനാലാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അറിയുന്നു.
ദിവസങ്ങൾക്ക് മുമ്പ് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കോവിഡ് ബാധിതനായതിനാൽ ഹാജരായില്ല. േരാഗമുക്തനായതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. സർക്കാറിെൻറ വിവിധ െഎ.ടി പദ്ധതികളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യംചെയ്യുന്നതെന്നാണ് വിവരം. ചില െഎ.ടി പദ്ധതികൾ ഉൗരാളുങ്കൽ സർവിസ് സൊസൈറ്റിക്ക് കൈമാറിയതുൾപ്പെടെ കാര്യങ്ങളിൽ വിശദീകരണം തേടും. കെ ഫോൺ, ടോറസ് ഉൾപ്പെടെ പദ്ധതികളുടെ വിശദാംശങ്ങളും ഇ.ഡി തേടും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രവീന്ദ്രനെയും ചോദ്യംചെയ്യാനുള്ള നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

