ന്യൂനപക്ഷ സംഗമം നടത്താൻ പോകുന്നുവെന്ന് കള്ളപ്രചാരണം; നുണപ്രചരണം ചിലർ കലയായി സ്വീകരിച്ചു -മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുവെന്നത് കള്ളപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാതെയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതിയോ ആവാം ഇത്തരം പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബോധപൂര്‍വ്വം നുണ പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം കേന്ദ്രങ്ങള്‍ ആ നുണ പ്രചരിപ്പിക്കുന്നത് ഒരു കലയായി സ്വീകരിച്ചവരാണ്. അവര്‍ കാണുന്നത് ഒരു നുണ നല്ല രീതിയില്‍ പ്രചരിപ്പിച്ചാല്‍ 10-20 ശതമാനം ആളുകളെ എങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നാണ്. കറതീര്‍ന്ന സങ്കുചിത രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇത്തരം പ്രചാരണം നടത്തുന്നവരെ നമുക്ക് ആ രീതിയില്‍ കാണാം. വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ ദുരുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയാണോ? സത്യത്തില്‍ ഈ ന്യൂനപക്ഷ സംഗമത്തിന്റെ പൊരുള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന സെമിനാറുകളാണ്.
ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമാണ് 2031. ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. അതിലെ ഈ ഒരു ദശാബ്ദക്കാലം കേരളം വലിയ തോതിലുള്ള പുരോഗതി പല മേഖലകളിലും ആര്‍ജിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, എങ്ങനെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം അതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ കേരളത്തിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 33 സെമിനാറുകള്‍ നടത്തുന്നുണ്ട്. 33 സെമിനാറുകള്‍ ഓരോ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലായിരിക്കും നടത്തുക.
സെമിനാറുകള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും 18 മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവച്ചിട്ടുണ്ട്. 33 സെമിനാറുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. അങ്ങനെയുള്ള 33 സെമിനാറുകളില്‍ ഒന്ന് മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. കാരണം അതും ഒരു വകുപ്പാണ്. ആ വകുപ്പിന്റെ നേതൃത്വത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നത് വിലയിരുത്തേണ്ടതുണ്ട്. പക്ഷേ അതുമാത്രം അടര്‍ത്തിയെടുത്ത് തീര്‍ത്തും വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഒരു കൂട്ടര്‍ ശ്രമിച്ചത്” -മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ തീരുമാന പ്രകാരം ‘കേരളം -വിഷൻ 2031’ എന്ന പേരിൽ സെമിനാർ മാത്രമാണ് എറണാകുളത്ത് നടത്തുന്നതെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫിസ് നേരത്തെ വിശദീകരിച്ചിരുന്നു. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട സെമിനാർ എറണാകുളത്ത് നടത്താനാണ് തീരുമാനിച്ചത്. 2031ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പരിപാടി ന്യൂനപക്ഷ സംഗമം അല്ല. കായിക വകുപ്പുമായി ബന്ധപ്പെട്ട സെമിനാർ മലപ്പുറത്താണ് നടത്തുന്നതെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

