‘കേരളം ഫലസ്തീൻ ജനതക്കൊപ്പം’; ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി ഫലസ്തീൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
തിരുവനന്തപുരം: ഫലസ്തീൻ ജനതക്ക് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡറായ അബ്ദുല്ല അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി കേരളത്തിന്റെ പിന്തുണ അറിയിച്ചത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു കൂടിക്കാഴ്ച. കേരളം എന്നും ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഫലസ്തീൻ അംബാസിഡറോട് പറഞ്ഞു.
യു.എസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണ് കേരളം. യു.എൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രായേലി അധിനിവേശവും ഫലസ്തീൻ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസിഡർ വിശദീകരിച്ചു. നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പിന്തുണ ഫലസ്തീന് ആവശ്യമുണ്ട്. അത് ലോകമെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

