തിരുവനന്തപുരം: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് സന്ദർശിച്ചാണ് മുഖ്യമന്ത്രി ഔപചാരിക അനുശോചനം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചത്. ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.
ശൈഖ് ഖലീഫയുടെ പിൻഗാമിയായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ രാജ്യത്തിന്‍റെ ഉന്നത സഭയായ ഫെഡറൽ സുപ്രീം കൗൺസിൽ തെരഞ്ഞെടുത്തു. ഒന്നരപ്പതിണ്ടിലേറെയായി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ശൈഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ്.