മുഖ്യമന്ത്രി ദുബൈയിൽ; സ്വീകരണം
text_fieldsദുബൈ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. മന്ത്രി സജി ചെറിയാനും കൂടെയുണ്ടായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണപരിപാടിയുടെ ജനറൽ കൺവീനർ, ഉൾപ്പെടെയുള്ളവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടിയുടെ ജനറൽ കൺവീനറുമായ എൻ.കെ. കുഞ്ഞഹമദിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്റ് ജിജിത അനിതകുമാർ, ലോക കേരളസഭാംഗ രാജൻ മാഹി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തും. ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവ'ത്തിൽ പങ്കെടുക്കും.
ബഹിഷ്കരിക്കുമെന്ന് ദുബൈ കെ.എം.സി.സി
തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ദുബൈയിൽ നടത്തുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ദുബൈ കെ.എം.സി.സി. ലോകകേരള സഭ, മലയാളം മിഷൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് കെ.എം.സി.സി മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിക്ക് സ്വാഗതസംഘം രൂപീകരിക്കാൻ വരെ ഒപ്പം നിന്ന കെ.എം.സി.സി ഇപ്പോൾ ബഹിഷ്കരണം പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

