ഹനാൻ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക; ആത്മവിശ്വാസം കൈവിടരുത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹനാന്‍റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‍റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകും.
അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്‍റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണം.
സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
