Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളപ്പിറവി:...

കേരളപ്പിറവി: മലയാളികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

text_fields
bookmark_border
കേരളപ്പിറവി: മലയാളികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
cancel

കോഴിക്കോട്: ഐക്യകേരള പിറവിയുടെ അറുപതാം വാർഷിക ദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനായുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവികസനത്തിന്‍റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണ്. ഇതിനുതകുന്ന നയസമീപനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഐക്യകേരള പിറവിയുടെ അറുപതാം വാർഷികവേളയിൽ മുഴുവൻ മലയാളികളെയും അഭിവാദ്യം ചെയ്യുന്നു.

ആധുനിക കേരളത്തെ പുതിയ കാലത്തിന്‍റെ വെല്ലുവിളികളേറ്റെടുക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിൽക്കാനുള്ള പ്രതിജ്ഞയാണ് ഈ ആഘോഷ വേളയിൽ നമുക്ക് പുതുക്കാനുള്ളത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതില്‍നിന്നും കേരളത്തെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഭൂപരിഷ്‌ക്കരണം നടന്ന നാട്, സാമൂഹ്യസുരക്ഷക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനം, മാതൃ-ശിശുമരണനിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുമുള്ള നാട് എന്നിങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്ക് പോലും മാതൃകയായിട്ടുള്ള പല സൂചികകളും ഇവിടെയുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം നവകേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത്.

ഈ നേട്ടങ്ങളിലഭിമാനിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോര; നാം ജീവിക്കുന്നത് ഒരു പുതിയ മിലീനിയത്തിലാണ്. ഈ സഹസ്രാബ്ദഘട്ടം ശാസ്ത്ര-സാങ്കേതിക വിജ്ഞാന വിപ്ലവത്തിന്‍റേതാണ്. അതിന്‍റെ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയണം. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തിനുമേല്‍ പിടിമുറുക്കിയതോടെ നാം അഭിമാനിച്ചിരുന്ന പല സൂചികകളും താഴേക്ക് ചലിക്കാന്‍ തുടങ്ങി. സാമൂഹ്യക്ഷേമ രംഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളീകരണ കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ചതോടെ വിചാരിച്ച നിലയിലുള്ള മുന്നേറ്റം നിലനിര്‍ത്താനാവില്ല എന്നുവന്നു. ചില രംഗങ്ങളില്‍ മുരടിപ്പ് ഉണ്ടായി. അവയൊക്കെ ഫലപ്രദമായി തരണം ചെയ്തുകൊണ്ട് വേണം നമുക്ക് മുന്നേറാന്‍.

ജനക്ഷേമവും വികസനവും ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടുവെച്ചാല്‍ അതിനെ അംഗീകരിക്കുന്ന മനസ്സാണു കേരളത്തിനുള്ളത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ സുവ്യക്തമായ കാഴ്ചപ്പാട് പ്രകടന പത്രികയിലൂടെ മുമ്പോട്ടുവെച്ചതു കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരം നല്‍കിയത് എന്നു കാണാം.

അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനായുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവികസനത്തിന്‍റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണ്. ഇതിനുതകുന്ന നയസമീപനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.

ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ സംസ്ഥാന വികസനവും അടിയന്തരമായുള്ള ആശ്വാസനടപടികളും എന്നതാണ് സര്‍ക്കാര്‍ നയം. അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന കേരള ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) രൂപീകരിച്ചതും ആയിരങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും ഇതിന്‍റെ ഭാഗമാണ്. കേരളത്തിന്‍റെ മുഖഛായ മാറ്റുന്ന ഹരിതകേരളം, ലൈഫ് എന്നീ രണ്ട് നൂതന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് നിങ്ങള്‍ അറിഞ്ഞിരിക്കും. കേരളത്തിലെ എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീടു നല്‍കലാണ് ലൈഫ് പദ്ധതിയുടെ ഉദ്ദേശം.

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. തോടുകള്‍, ജലാശയങ്ങള്‍ എന്നിവ ശുദ്ധീകരിച്ച് സംരക്ഷിക്കുകയും അതുവഴി നാട്ടിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണുകയും ചെയ്യും. ഇതിന് പൊതുജനങ്ങളുടെ, പ്രത്യേകിച്ചും യുവാക്കളുടെ സജീവ പങ്കാളിത്തമുണ്ടാകണം. കേരളപ്പിറവി ദിനത്തോടെ കേരളത്തെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ പോകുകയാണ്.

കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചു കഴിഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍.എന്‍.ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കും. 2017 മാര്‍ച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്ന പഴയ രീതി ഇനിയുണ്ടാകില്ല. 100 ദിവസത്തിനകം ഒട്ടേറെ പുതിയ തസ്തികള്‍ സൃഷ്ടിച്ചത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയാണ്. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പിഎസ്‌സിയെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. തൊഴില്‍ പരീക്ഷകളും മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളും മറ്റും മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും.

യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുകയായി. വന്‍കിട ഐടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇങ്ങനെ നാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടേറെ പദ്ധതികള്‍ വിഭാവന ചെയ്തിട്ടുണ്ട്. അതില്‍ ചിലത് ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നേയുള്ളൂ.

കേരളത്തിന്‍റെ ഭാവി യുവജനങ്ങളുടെ കൈയ്യിലാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാർഥ്യമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് നിങ്ങളെടുക്കേണ്ടത്. നാളത്തെ വികസനത്തെക്കുറിച്ചുള്ള ഏതു ചിന്തയും കേരളമാതൃകയെ പരിരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piravi
News Summary - cm pinaray vijayan kerala formation message
Next Story