മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കരുതൽ മേഖല, സിൽവർ ലൈൻ തുടങ്ങിയ നിർണായക വിഷയങ്ങളിൽ സർക്കാറിന്‍റെ തുടർനടപടികൾ ആകാംക്ഷാപൂർവം ഉറ്റു നോക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച. കേന്ദ്ര-സംസ്ഥാന ഭരണം നയിക്കുന്നവർ ഒമ്പതു മാസത്തിനുശേഷം നടത്തിയ കൂടിക്കാഴ്ചയിൽ പക്ഷേ, ഇതൊന്നും ചർച്ചയായില്ല. കേന്ദ്ര-സംസ്ഥാന ബന്ധം ശക്തിപ്പെടുത്തി പദ്ധതികൾ വേഗത്തിലാക്കാൻ പ്രവർത്തനം ഊർജിതപ്പെടുത്തുമെന്ന അവ്യക്തമായ വാർത്തക്കുറിപ്പിൽ ഒരു മണിക്കൂർ ചർച്ചയെക്കുറിച്ച വിശദീകരണം ഒതുങ്ങി.
മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണുന്ന ഓരോ സന്ദർഭത്തിലും വാർത്തസമ്മേളനം നടത്തി കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക പതിവാണെങ്കിലും ഇത്തവണ അതുണ്ടായില്ല. സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള കരുതൽ മേഖല, സിൽവർ ലൈൻ തുടങ്ങിയവയൊന്നും ഉദ്ദേശിച്ചുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. ഔദ്യോഗിക ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാത്തതിന് വിശദീകരണമില്ല. ചീഫ് സെക്രട്ടറി വി.പി. ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ എത്തിയത്. പുതുവത്സര വേളയിലെ കൂടിക്കാഴ്ചയിൽ മോദിയെ പിണറായി പൊന്നാട അണിയിച്ചു. കഥകളിയിലെ കൃഷ്ണവേഷം സമ്മാനിച്ചു.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗമാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ത്രിദിന ഡൽഹി സന്ദർശനത്തിലെ പ്രധാന പരിപാടി. ഇ.പി. ജയരാജൻ വിഷയം കത്തിനിൽക്കുന്നതിനിടയിൽ, അതേക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം ചെയ്തത്. വിവാദങ്ങൾ ഒഴിവാക്കാനാണ് വാർത്തസമ്മേളനവും ഒഴിവാക്കിയതെന്നാണ് സൂചന. സുപ്രധാന വിഷയങ്ങളിലെ സർക്കാറിന്‍റെ തുടർനടപടി സംബന്ധിച്ച അവ്യക്തത ഇതോടെ ബാക്കിയായി.
വാർത്തക്കുറിപ്പിൽ ഇത്ര മാത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി-മുഖ്യമന്ത്രി ചർച്ചക്കു ശേഷം കേരള ഹൗസിലെ ഇൻഫർമേഷൻ വിഭാഗം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത് ഇത്ര മാത്രം: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തിവരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
ജല്‍ജീവന്‍ മിഷനും വിവിധ നാഷനല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ കഥകളി ശില്പം സമ്മാനമായി നല്‍കി. ചീഫ് സെക്രട്ടറി വി.പി. ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

