മതേതര കേരളത്തിന് വിത്തുപാകിയത് ഗുരുദേവൻ; മുഖ്യമന്ത്രി
text_fieldsശ്രീനാരായണ ഗുരു സമാധി ദിനവും സമാധി ശതാബ്ദി ആചരണവും മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു
വർക്കല: കേരളം മതേതരമാകാനുള്ള ചിന്തകൾക്ക് വിത്തുപാകിയത് ഗുരുദേവനാണെന്നും ഈ ദർശനങ്ങൾ ഉൾക്കൊണ്ടുള്ള പ്രവർത്തനമായിരിക്കും ഈ സർക്കാർ കാഴ്ചവെക്കുകയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും പിടിവള്ളിയിൽനിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള പോരാട്ടം ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് തുടരുമെന്നും സതീശൻ പറഞ്ഞു. ശിവഗിരിയിൽ 99ാമത് ശ്രീനാരായണഗുരു സമാധി ദിനാചരണത്തിന്റെയും ഒരുവർഷം നീണ്ടുനിൽക്കുന്ന സമാധി ശതാബ്ദി ആചരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളോളം പിന്നിലേക്ക് നടന്ന ജനതയെ കൈപിടിച്ച്, ‘നിങ്ങൾ പിന്നിലേക്കല്ല; മുന്നിലേക്കാണ് നടക്കേണ്ടത്’ എന്ന് പറഞ്ഞ നവോത്ഥാന നായകന്റെ ശബ്ദമാണ് കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണമായതെന്ന് പൂർണമായും വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താൻ. ഇന്നു നാം അനുഭവിക്കുന്ന എല്ലാ പുരോഗമന ചിന്തയുടെയും സാമൂഹിക നവോത്ഥാനത്തിന്റെയും അഭിമാനബോധത്തിന്റെയും കാതലും ഗുരുദേവ ദർശനംതന്നെ.
ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെ ഇരുട്ടിലായിരുന്ന കേരളത്തിലേക്ക് വെളിച്ചമായാണ് ഗുരുദേവൻ കടന്നുവന്നത്. സൗമ്യമെന്ന് പറയുമ്പോഴും കൊടുങ്കാറ്റ് സൃഷ്ടിക്കാൻ കഴിയുന്ന സൗമ്യതയാണ് ഗുരുവിന്റെ സവിശേഷത. പതിതർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഗുരുദേവൻ തയാറായില്ല. അവിടെ വജ്രസമാനമായിരുന്നു നിലപാടും മനസ്സും. ജനാധിപത്യ മൂല്യത്തിന്റെ വിത്തുകൂടിയാണ് ഗുരുദേവൻ കേരളത്തിൽ പാകിയത്.
ഗുരുദേവന്റെ ചിന്തയും ദർശനങ്ങളും എല്ലാ മലയാളികളും പൈതൃകമായി ഹൃദയത്തിലേറ്റെടുക്കണമെന്നും സതീശൻ പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി ടി. സിദ്ദീഖ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, അഡ്വ. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

